2013 ജൂൺ 20, വ്യാഴാഴ്‌ച

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അപരിചിതൻ

അപരചിതമായ ഒരു നാട്ടിൽ
സന്ധ്യാസമയത്ത്
ആരെയോ കാത്തിരിക്കുമ്പോൾ,
മനസ്സ് ഒരു ചാവുകടലാണോ
എന്നു സംശയിച്ചുപോകും.

പൊടിപറത്തിക്കൊണ്ട് വെട്ടിത്തിരിഞ്ഞു കുതറി നിന്ന  ഒരു പ്രൈവറ്റ് ബസ്സിലേക്ക് തീർത്തും അപരിചിതരായ കുറേ ആളുകൾ ഓടിക്കയറുന്നുണ്ടാവും, അതിൽ ചിലപ്പോൾ കുഞ്ഞിരാമൻ എന്നോ കുഞ്ഞഹമ്മദ് എന്നോ മറ്റോ പേരുള്ള ഒരാൾ വീട്ടിലേക്ക് കുറച്ചു പച്ചക്കറിയും ,ഒരു പേക്കറ്റ് മിൽമാപാലും മറ്റുമായി സീറ്റു കിട്ടാതെ നിൽക്കുന്നുണ്ടാവും. വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ഒരു യുവാവ് വളരെ ദൂരെ നിന്നും തിരിച്ചു വരുന്നുണ്ടാവും. 'ഇനി വീട്ടിൽ കിടത്തി നോക്കുന്നതാണ് നല്ലത്' എന്നു ഡോക്ടർ പ്രതീക്ഷ വെടിഞ്ഞ ഒരമ്മയുടെ കൂടെ തീർത്തും നിരാശനായ ഒരു മകൻ ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്നുണ്ടാവും...

അപരിചിതമായ ഒരു നാട്ടിൽ
സന്ധ്യ കനക്കുമ്പോൾ
വീടോർമകളുടെ
ചെറു ചെറു വിളക്കുകൾ തെളിയാൻ തുടങ്ങും.

വീടെത്തുവാനുള്ള മനസ്സിൻറെ
ത്വരകൾക്ക് മുന്നിൽ
സാധ്യതകളുടെ ഷട്ടറുകൾ
തുരുതുരെ അടയാൻ തുടങ്ങും

അപ്പോൾ
സതീശനെന്നോ, നിസാറെന്നോ പേരുള്ള
സംശയാസ്പദമായ ചില നോട്ടങ്ങൾ
ചവിട്ടിത്തിരിച്ച് ഇരുചക്രങ്ങളിൽ
തൊട്ടടുത്തുള്ള വീടുകളിലേക്ക്
ഉരുണ്ടു പോകുന്നുണ്ടാവും.


അപരിചിതമായ ഒരിടത്തേക്ക്
ജോലി കഴിഞ്ഞു തളർന്നു വരുന്ന
ഭർത്താവിനെപ്പൊലെയാണ്, രാത്രി കടന്നുവരുന്നത്.

അപ്രതീക്ഷിതമായി കയറിവരുമ്പോൾ
ഒന്നു മുരടനക്കുകയോ
കാർക്കിച്ചു തുപ്പുകയോ
ചെയ്യണമെന്നില്ല.

മിണ്ടാതെ കയറി വരുന്ന രാത്രി
ഒരു അപരിചിതനെ
ജാരനെന്നു തെറ്റിദ്ധരിക്കും

അപ്പോൾ നാട് കള്ളനെന്നു
ആണയിട്ട് ആണയിട്ടു പറയും.

കൂടി നിൽക്കുന്ന ചിലർ പോലീസിനെ വിളിക്കും,
പോലീസുവണ്ടി ഒരുപാട് വൈകും....

അതിനിടയിൽ നേരത്തേ പോയ പ്രൈവറ്റ് ബസ്സ്‌  ഓരോരുത്തരെയും അവരവരുടെ വീടുകളിൽ ഇറക്കി വിട്ടിട്ടുണ്ടാവും. കുഞ്ഞിരാമാനെന്നോ കുഞ്ഞഹമ്മദ് എന്നോ പേരുള്ള ആൾ മഴയിലേക്കു നോക്കിയിരുന്ന് ചായകുടിക്കുന്നുണ്ടാവും. അയാളുടെ ഭാര്യ ടീവി കണ്ടുകൊണ്ട്‌ പച്ചക്കറി അരിയുന്നുണ്ടാവും, നാടുവിട്ടുപോയ മകൻ തിരിച്ചുവന്ന സന്തോഷത്തിൽ ഒരു വീട് പൊട്ടിപ്പൊട്ടിക്കരയുന്നുണ്ടാവും. മുലകൾ മുറിച്ചുമാറ്റപ്പെട്ട ഒരമ്മ മുലപ്പാൽ വലിച്ചു കുടിക്കുന്ന കുഞ്ഞുങ്ങളെ കിനാവുകാണാൻ വേണ്ടി മാത്രം ഉറങ്ങാൻ ശ്രമിക്കുന്നുണ്ടാവും...

സതീശനെന്നോ നിസാറെന്നോ
പേരുള്ള ഒരാൾ നാളത്തെ പത്രത്തിൽ
ചരമകോളം അലങ്കരിക്കാൻ
ജീവിതത്തിൻറെ ഏതെങ്കിലും ഒരു വളവിൽ
രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടാവും.



കാത്തിരിക്കുന്ന ആൾ വരുമെന്നു പ്രതീക്ഷിക്കണമെങ്കിൽ തീർച്ചയായും അങ്ങനെ ഒരാൾ വേണമല്ലോ, അങ്ങനെ ഒരാൾ ഇല്ലാത്തിടത്തോളം കാലം ഇങ്ങനെയൊരാൾ കാത്തിരിപ്പിൽ തുടരുക തന്നെ ചെയ്യും...

അപ്പോൾ പിന്നെ പോലീസ് വരുന്നതുവരെ
കാത്തു നില്ക്കുക തന്നെ
സംശാസ്പദമായ സാഹചര്യത്തിൽ
അറെസ്റ്റ്‌ ചെയ്യപ്പെടുക തന്നെ...








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ