Home is a name, a word, it is a strong one; stronger than magician ever spoke, or spirit ever answered to, in the strongest conjuration. ~Charles Dickens
വളരെ സാധാരണമായ രണ്ടു സ്വപ്‌നങ്ങൾ
രാവ്,
തണുപ്പ്..
ഇലകളിൽ കാറ്റു തൊടുന്ന മഴയൊച്ച.
എപ്പോഴോ ശവമടക്കിയ ഭോഗ തൃഷ്ണയുടെ ആലസ്യം.
ഒരേ സമയത്ത് രണ്ടു വ്യത്യസ്ത സ്വപ്നങ്ങളിൽ ഉടക്കി ഞെട്ടിയുണർന്നതായിരുന്നു. ഞാനും അവളും.
കുട്ടികൾ തലങ്ങും വിലങ്ങും കിടന്ന് ഉറക്കം കളിക്കുകയായിരുന്നു,അപ്പോൾ.
എന്തായിരുന്നു നീ കണ്ട സ്വപ്നം?
നാം പരസ്പരം ചോദിച്ചു.
*****
അവൾ കിനാവ്:-- പറയാൻ തുടങ്ങി:
ദൂരെ,
മലഞ്ചെരുവിലെ
കോടമഞ്ഞിനപ്പുറം
കാട്ടാനക്കൂട്ടങ്ങളെ പ്പോലെ
കാർമേഘങ്ങൾ കുളിക്കാൻ വരുന്ന
ഒരു കാട്ടരുവിയുണ്ട്.
അതിനപ്പുറം മരങ്ങൾക്കിടയിൽ
ആരോ മറന്നുവെച്ച ഒരു വീട്.
മഞ്ഞുകട്ടകൾ കൊണ്ടു പണിതപോലെ..
ഞാൻ മക്കളുടെ കൈപിടിച്ച്
കരിയിലകളിൽ നിലാവു കുടഞ്ഞിട്ട
കാട്ടുപാതയിലൂടെ
നടന്നു നടന്നു പോയിരുന്നു, അവിടേക്ക്...
സ്വപനമാണല്ലോ-
വീട്
എന്റെ സ്വന്തമായിരുന്നു.
മാൻപേടകൾ കളിക്കാൻ വരുമായിരുന്നു;
കുട്ടികളോടൊപ്പം...
ചിത്രശലഭങ്ങളുടെ
സ്കൂളിലായിരുന്നു അവർ
മഴവിൽ പാലം കടന്ന്
പഠിക്കാൻ പോയിരുന്നത്.
ഇപ്പോൾ
കിനാവു മുറിഞ്ഞില്ലായിരുന്നുവെങ്കിൽ
എനിക്കവിടെ മലയാളം ടീച്ചറായി
ജോലി കിട്ടിയേനേ..
സ്വപ്നത്തിലുടനീളം, നീ-
ഏതോ
ജയിലിലായിരുന്നു..
ആ വീട്ടിലെ
പാലുകാച്ചിന്റെ
അന്നായിരുന്നു നിന്നെ
കോടതി
തൂക്കിക്കൊല്ലാൻ വിധിക്കുന്നത്..
നിൻറെ തൊണ്ടക്കുഴിയിൽ നിന്നും
അറുത്തിട്ട ആട്ടിൻകുട്ടിയുടെ
അവസാനത്തെ ശബ്ദം കേട്ടാണ്
ഞാൻ ഞെട്ടിയുണർന്നത്.
ഉണർന്നിരുന്ന ഞാൻ, ചെയ്ത തെറ്റുകളെ കുറിച്ചു
ചിന്തിക്കുകയായിരുന്നു.
രക്ത ബന്ധങ്ങൾ മുറിച്ച്
ഇറങ്ങിവരാൻ തോന്നിയ ദിവസം,
ഉറങ്ങുന്ന മക്കൾ,
പ്രണയം;പ്രളയം...
ഒന്നുമല്ല... ഒന്നുമല്ല..
'നീ'
നീമാത്രമാണ്..
നീയാണ്, ഞാൻ ചെയ്ത തെറ്റ്.
*****
ഇനി ഞാൻ കണ്ട സ്വപ്നത്തിലേക്ക് കടക്കാം:
കൂരിരുട്ട്,
വെടിയൊച്ച,
അഭയാർത്ഥി ക്യാമ്പ്.
ശവഘോഷയാത്രകൾ
സ്ഫോടനങ്ങൾ
രക്ത നദിയിലൂടെ
ഒഴുകിനീങ്ങുന്ന കുഞ്ഞുങ്ങളുടെ
കബന്ധങ്ങൾ..
വീടിനു ചുറ്റും
സായുധ പോലീസ്
മുറ്റത്ത്
NIA ക്കാരുടെ വണ്ടി
വിലങ്ങുകൾ...
വിലാപങ്ങൾ.
ഈ സ്വപ്നത്തിൽ
നീ ഇല്ലായിരുന്നു;മക്കളും..
നീ, എന്നോ പുഴയിലേക്ക്
നടന്നുപോയ ഒരോർമ മാത്രം
ചെറുതായൊന്നു മിന്നിയോ എന്നറിയില്ല.
സ്വപ്നം തുടങ്ങുന്നതിനു മുമ്പേ
കുട്ടികളെ ആരോ തട്ടിക്കൊണ്ടുപോയിരുന്നു.
********
ഉണർന്നിരുന്നപ്പോൾ ഞാനും
എന്റെ തെറ്റുകളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.
ബുദ്ധിയുറക്കുന്നതിനു മുമ്പേ
എനിക്കു ചാർത്തിത്തന്ന 'പേര്'..
ഒർമവെക്കുന്നതിനു മുമ്പേ
മുറിച്ചുകളഞ്ഞ അഗ്ര ചർമം.
എന്റേതെന്നു പഠിപ്പിച്ചുതന്ന മതം
ആരുടെയോ തീരുമാനം
തെളിയിക്കാൻ പറ്റാത്ത സത്യങ്ങൾ
'ഞാൻ'
ഞാൻ മാത്രം..
ഞാൻ മാത്രമാണ്, ഞാൻ ചെയ്ത തെറ്റ്.
*****
സ്വപ്ന വ്യാഖ്യാനം കഴിഞ്ഞു ഞങ്ങൾ തിരിഞ്ഞുകിടന്ന് ഉറക്കം നടിക്കുമ്പോൾ വാടക വീട് എന്റെ മുന്നിൽ എഴുന്നേറ്റിരുന്നു കോട്ടുവാ വിട്ടുകൊണ്ടു ചോദിച്ചു:
സുഹൃത്തേ,
ഒളി ജീവിതമാണ് അല്ലേ?
അഥവാ വാടക ജീവിതം?
തികച്ചും സാധാരണമായ
ഒരു സ്വപ്നമാണിത്.
ഒരുമാസത്തെ
വാടകയ്ക്ക് പോലും തികയാത്ത;
കവിത പോലുമാവാത്ത വെറുംസ്വപ്നം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ