ക്യൂ
ആത്മഹത്യ ചെയ്യാനോ
കൊല്ലപ്പെടാനോ തീരുമാനിച്ച ഒരാളും
ജീവിക്കണമെന്ന് അത്യാഗ്രഹമുള്ള
മറ്റൊരാളും കൂടി
വലതുകയ്യിൽ പ്രത്യയശാസ്ത്രവും
ഇടതുകയ്യിൽ തൂക്കുകയറുമായി
പെരുമഴയിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്.
മരിക്കാൻ തീരുമാനിച്ച ആൾക്ക്
കൊല്ലപ്പെടുന്നതിനു മുമ്പ്
ആത്മഹത്യ ചെയ്യുന്നതും
ആത്മഹത്യയ്ക്ക് മുമ്പ്
കൊല്ലപ്പെടുന്നതും
മരണത്തിലേക്കുള്ള രണ്ടു വഴികൾ മാത്രമാണ്.
ലക്ഷ്യം മരണമായതുകൊണ്ട്
മാർഗ്ഗമേതും തിരഞ്ഞെടുക്കാം.
പക്ഷേ, ജീവിക്കാൻ തീരുമാനിച്ച ആൾക്കോ?
*******
മരിക്കാൻ തീരുമാനിച്ചു കഴിഞ്ഞ ഒരാൾക്കും
ജീവിച്ചിരിക്കണം എന്ന് ആഗ്രഹമുള്ള ഒരാൾക്കും
ജീവിതം എന്തെല്ലാം രീതികളിൽ ഉപയോഗപ്പെടുത്താം?
രണ്ടും ഒരാളായിരുന്നു എന്നതുകൊണ്ടുതന്നെ
അവർക്ക്/അയാൾക്ക് പെട്ടന്നുതന്നെ ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്.
മരിക്കാൻ തീരുമാനിച്ചവൻ:
മതപരമായ രതിമൂർച്ചകൾക്കുവേണ്ടി
പുരുഷലിംഗങ്ങൾ മൂർച്ചകൂട്ടുന്ന
ആയുധപ്പുരകളിലേക്കോ
ജനാധിപത്യം വ്യഭിചരിക്കപ്പെടുന്ന
വേശ്യാലയങ്ങളിലെക്കോ
ബുദ്ധിജീവികൾമാത്രം രാപ്പാർക്കുന്ന
പാമ്പുവളർത്തുകേന്ദ്രങ്ങളിലേക്കോ
ഒരു മനുഷ്യ ബോംബായി കയറിച്ചെന്നാലോ?
മരണം അനശ്വരനാക്കുന്ന
വഴികളിൽ ചോരചിന്തി രക്തസാക്ഷിത്വം വരിച്ചാലോ?
********
ജീവിക്കണമെന്ന് ആഗ്രഹമുള്ളവൻ:
നാളെ ഒന്നാം തിയതിയാണ് എന്നു മറക്കരുത്..
നേരെ നടന്ന് ഇടത്തോട്ടു തിരിഞ്ഞാൽ
ബിവറേജ് ഷോപ്പിൻറെ ക്യൂ.
നാളയെക്കുറിച്ചു ചിന്തിക്കുന്ന
ഒരുപാടുപേരുടെ കൂടെ നമുക്കും തലകുനിച്ച്
തീർത്തും നിശ്ശബ്ദനായി ക്യൂ പാലിക്കാം.
ക്യൂ
ക്യൂ
ക്യൂ............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ