2013 ജൂൺ 20, വ്യാഴാഴ്‌ച

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അപരിചിതൻ

അപരചിതമായ ഒരു നാട്ടിൽ
സന്ധ്യാസമയത്ത്
ആരെയോ കാത്തിരിക്കുമ്പോൾ,
മനസ്സ് ഒരു ചാവുകടലാണോ
എന്നു സംശയിച്ചുപോകും.

പൊടിപറത്തിക്കൊണ്ട് വെട്ടിത്തിരിഞ്ഞു കുതറി നിന്ന  ഒരു പ്രൈവറ്റ് ബസ്സിലേക്ക് തീർത്തും അപരിചിതരായ കുറേ ആളുകൾ ഓടിക്കയറുന്നുണ്ടാവും, അതിൽ ചിലപ്പോൾ കുഞ്ഞിരാമൻ എന്നോ കുഞ്ഞഹമ്മദ് എന്നോ മറ്റോ പേരുള്ള ഒരാൾ വീട്ടിലേക്ക് കുറച്ചു പച്ചക്കറിയും ,ഒരു പേക്കറ്റ് മിൽമാപാലും മറ്റുമായി സീറ്റു കിട്ടാതെ നിൽക്കുന്നുണ്ടാവും. വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ഒരു യുവാവ് വളരെ ദൂരെ നിന്നും തിരിച്ചു വരുന്നുണ്ടാവും. 'ഇനി വീട്ടിൽ കിടത്തി നോക്കുന്നതാണ് നല്ലത്' എന്നു ഡോക്ടർ പ്രതീക്ഷ വെടിഞ്ഞ ഒരമ്മയുടെ കൂടെ തീർത്തും നിരാശനായ ഒരു മകൻ ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്നുണ്ടാവും...

അപരിചിതമായ ഒരു നാട്ടിൽ
സന്ധ്യ കനക്കുമ്പോൾ
വീടോർമകളുടെ
ചെറു ചെറു വിളക്കുകൾ തെളിയാൻ തുടങ്ങും.

വീടെത്തുവാനുള്ള മനസ്സിൻറെ
ത്വരകൾക്ക് മുന്നിൽ
സാധ്യതകളുടെ ഷട്ടറുകൾ
തുരുതുരെ അടയാൻ തുടങ്ങും

അപ്പോൾ
സതീശനെന്നോ, നിസാറെന്നോ പേരുള്ള
സംശയാസ്പദമായ ചില നോട്ടങ്ങൾ
ചവിട്ടിത്തിരിച്ച് ഇരുചക്രങ്ങളിൽ
തൊട്ടടുത്തുള്ള വീടുകളിലേക്ക്
ഉരുണ്ടു പോകുന്നുണ്ടാവും.


അപരിചിതമായ ഒരിടത്തേക്ക്
ജോലി കഴിഞ്ഞു തളർന്നു വരുന്ന
ഭർത്താവിനെപ്പൊലെയാണ്, രാത്രി കടന്നുവരുന്നത്.

അപ്രതീക്ഷിതമായി കയറിവരുമ്പോൾ
ഒന്നു മുരടനക്കുകയോ
കാർക്കിച്ചു തുപ്പുകയോ
ചെയ്യണമെന്നില്ല.

മിണ്ടാതെ കയറി വരുന്ന രാത്രി
ഒരു അപരിചിതനെ
ജാരനെന്നു തെറ്റിദ്ധരിക്കും

അപ്പോൾ നാട് കള്ളനെന്നു
ആണയിട്ട് ആണയിട്ടു പറയും.

കൂടി നിൽക്കുന്ന ചിലർ പോലീസിനെ വിളിക്കും,
പോലീസുവണ്ടി ഒരുപാട് വൈകും....

അതിനിടയിൽ നേരത്തേ പോയ പ്രൈവറ്റ് ബസ്സ്‌  ഓരോരുത്തരെയും അവരവരുടെ വീടുകളിൽ ഇറക്കി വിട്ടിട്ടുണ്ടാവും. കുഞ്ഞിരാമാനെന്നോ കുഞ്ഞഹമ്മദ് എന്നോ പേരുള്ള ആൾ മഴയിലേക്കു നോക്കിയിരുന്ന് ചായകുടിക്കുന്നുണ്ടാവും. അയാളുടെ ഭാര്യ ടീവി കണ്ടുകൊണ്ട്‌ പച്ചക്കറി അരിയുന്നുണ്ടാവും, നാടുവിട്ടുപോയ മകൻ തിരിച്ചുവന്ന സന്തോഷത്തിൽ ഒരു വീട് പൊട്ടിപ്പൊട്ടിക്കരയുന്നുണ്ടാവും. മുലകൾ മുറിച്ചുമാറ്റപ്പെട്ട ഒരമ്മ മുലപ്പാൽ വലിച്ചു കുടിക്കുന്ന കുഞ്ഞുങ്ങളെ കിനാവുകാണാൻ വേണ്ടി മാത്രം ഉറങ്ങാൻ ശ്രമിക്കുന്നുണ്ടാവും...

സതീശനെന്നോ നിസാറെന്നോ
പേരുള്ള ഒരാൾ നാളത്തെ പത്രത്തിൽ
ചരമകോളം അലങ്കരിക്കാൻ
ജീവിതത്തിൻറെ ഏതെങ്കിലും ഒരു വളവിൽ
രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടാവും.



കാത്തിരിക്കുന്ന ആൾ വരുമെന്നു പ്രതീക്ഷിക്കണമെങ്കിൽ തീർച്ചയായും അങ്ങനെ ഒരാൾ വേണമല്ലോ, അങ്ങനെ ഒരാൾ ഇല്ലാത്തിടത്തോളം കാലം ഇങ്ങനെയൊരാൾ കാത്തിരിപ്പിൽ തുടരുക തന്നെ ചെയ്യും...

അപ്പോൾ പിന്നെ പോലീസ് വരുന്നതുവരെ
കാത്തു നില്ക്കുക തന്നെ
സംശാസ്പദമായ സാഹചര്യത്തിൽ
അറെസ്റ്റ്‌ ചെയ്യപ്പെടുക തന്നെ...








2013 ജൂൺ 18, ചൊവ്വാഴ്ച

ചുംബനങ്ങളുടെ രാജ്യം

ഈ ക്യാമ്പസ്
ചുംബനങ്ങളുടെ ആത്മാക്കൾ
ഗതികിട്ടാതെ അലഞ്ഞുതിരിയുന്ന
ശവപ്പറമ്പാണ്.

കൊടുക്കാൻ മറന്നതും
വാങ്ങാൻ വിട്ടുപോയതും
വേണ്ട വേണ്ടെന്നു തിരിഞ്ഞു നടന്നതും
വേണം വേണമെന്ന്
കുട്ടികളെപ്പോലെ വാശിപിടിച്ചതും
കട്ടു കൊണ്ടുപോയതും
പിടിച്ചുപറിച്ചതുമായ ചുംബനങ്ങൾ
കൂട്ടംകൂട്ടമായ്‌ വന്ന്
കെട്ടിമറിയുന്നുണ്ടാവണം ഇവിടെ.

ഓരോ അർദ്ധരാത്രികളിലും.
നിലാവ് ചിതറിയ ഇടനാഴികളിലും
നെല്ലിമരച്ചുവട്ടിലും,
വിപ്ലവത്തിൻറെ ചുവന്നപൂക്കൾ
പെരുമഴപോലെ പൊഴിയുന്ന
വാകമാരച്ചോട്ടിലും
സീൽക്കാരങ്ങളുതിർത്ത്
ഇണചേരുന്നുണ്ടാവണം..

പ്രണയത്തിൻറെ തീവണ്ടിതട്ടി മരിച്ച
അജ്ഞാത ചുംബനങ്ങൾ
ദൂരെ മാറിയിരുന്ന്‌
ആസ്വദിക്കുന്നുണ്ടാവണം.
ചുണ്ടുകളില്ലാത്ത ദ്വീപുകളിലെ
അപ്രതീക്ഷിതമായ സമര പ്രഖ്യാപനങ്ങൾ.
ചുംബനങ്ങളിലൂടെ സ്വതന്ത്രമാകുന്ന
അപരിഷ്കൃതമായ
ഒരു രാജ്യത്തിന്റെ ആവേശങ്ങൾ.
ചുംബനങ്ങളുടെ മാനിഫെസ്റ്റോ..
ചുംബനങ്ങളുടെ റിപബ്ലിക്

അവർ പരസ്പരം ചേർന്നിരുന്ന്
ആഴത്തിൽ ചുംബിച്ചുകൊണ്ട്
പറയുന്നുണ്ടാവണം
ചുംബനങ്ങളുടെ രാജ്യം വരും-
ചുംബനങ്ങളുടെ രാജ്യം വരും എന്ന്...





ക്യൂ

ആത്മഹത്യ ചെയ്യാനോ 
കൊല്ലപ്പെടാനോ തീരുമാനിച്ച ഒരാളും 
ജീവിക്കണമെന്ന് അത്യാഗ്രഹമുള്ള 
മറ്റൊരാളും കൂടി 
വലതുകയ്യിൽ പ്രത്യയശാസ്ത്രവും 
ഇടതുകയ്യിൽ തൂക്കുകയറുമായി 
പെരുമഴയിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്.

മരിക്കാൻ തീരുമാനിച്ച ആൾക്ക് 
കൊല്ലപ്പെടുന്നതിനു മുമ്പ് 
ആത്മഹത്യ ചെയ്യുന്നതും 
ആത്മഹത്യയ്ക്ക് മുമ്പ് 
കൊല്ലപ്പെടുന്നതും 
മരണത്തിലേക്കുള്ള രണ്ടു വഴികൾ മാത്രമാണ്.
ലക്ഷ്യം മരണമായതുകൊണ്ട് 
മാർഗ്ഗമേതും തിരഞ്ഞെടുക്കാം.

പക്ഷേ, ജീവിക്കാൻ തീരുമാനിച്ച ആൾക്കോ?
*******


മരിക്കാൻ തീരുമാനിച്ചു കഴിഞ്ഞ ഒരാൾക്കും 
ജീവിച്ചിരിക്കണം എന്ന് ആഗ്രഹമുള്ള ഒരാൾക്കും  
ജീവിതം എന്തെല്ലാം രീതികളിൽ ഉപയോഗപ്പെടുത്താം?

രണ്ടും ഒരാളായിരുന്നു എന്നതുകൊണ്ടുതന്നെ 
അവർക്ക്/അയാൾക്ക്‌ പെട്ടന്നുതന്നെ  ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്.


മരിക്കാൻ തീരുമാനിച്ചവൻ:

മതപരമായ രതിമൂർച്ചകൾക്കുവേണ്ടി 
പുരുഷലിംഗങ്ങൾ  മൂർച്ചകൂട്ടുന്ന 
ആയുധപ്പുരകളിലേക്കോ
ജനാധിപത്യം വ്യഭിചരിക്കപ്പെടുന്ന 
വേശ്യാലയങ്ങളിലെക്കോ 
ബുദ്ധിജീവികൾമാത്രം രാപ്പാർക്കുന്ന  
പാമ്പുവളർത്തുകേന്ദ്രങ്ങളിലേക്കോ 
ഒരു മനുഷ്യ ബോംബായി കയറിച്ചെന്നാലോ?
മരണം അനശ്വരനാക്കുന്ന 
വഴികളിൽ ചോരചിന്തി രക്തസാക്ഷിത്വം വരിച്ചാലോ?
********


ജീവിക്കണമെന്ന് ആഗ്രഹമുള്ളവൻ:

നാളെ ഒന്നാം തിയതിയാണ് എന്നു മറക്കരുത്..
നേരെ നടന്ന് ഇടത്തോട്ടു തിരിഞ്ഞാൽ
ബിവറേജ് ഷോപ്പിൻറെ ക്യൂ.

നാളയെക്കുറിച്ചു ചിന്തിക്കുന്ന 
ഒരുപാടുപേരുടെ കൂടെ നമുക്കും തലകുനിച്ച് 
തീർത്തും നിശ്ശബ്ദനായി  ക്യൂ പാലിക്കാം.
ക്യൂ 
ക്യൂ 
ക്യൂ............








2013 ജൂൺ 7, വെള്ളിയാഴ്‌ച



Home is a name, a word, it is a strong one; stronger than magician ever spoke, or spirit ever answered to, in the strongest conjuration.  ~Charles Dickens




വളരെ സാധാരണമായ രണ്ടു സ്വപ്‌നങ്ങൾ

രാവ്,
തണുപ്പ്..
ഇലകളിൽ കാറ്റു തൊടുന്ന മഴയൊച്ച.
എപ്പോഴോ ശവമടക്കിയ ഭോഗ തൃഷ്ണയുടെ ആലസ്യം.

ഒരേ സമയത്ത് രണ്ടു വ്യത്യസ്ത സ്വപ്നങ്ങളിൽ ഉടക്കി ഞെട്ടിയുണർന്നതായിരുന്നു. ഞാനും അവളും.
കുട്ടികൾ തലങ്ങും വിലങ്ങും കിടന്ന് ഉറക്കം കളിക്കുകയായിരുന്നു,അപ്പോൾ.


എന്തായിരുന്നു നീ കണ്ട സ്വപ്നം?
നാം പരസ്പരം ചോദിച്ചു.
 *****

അവൾ കിനാവ്‌:-- പറയാൻ തുടങ്ങി:

ദൂരെ,
മലഞ്ചെരുവിലെ
കോടമഞ്ഞിനപ്പുറം
കാട്ടാനക്കൂട്ടങ്ങളെ പ്പോലെ
കാർമേഘങ്ങൾ കുളിക്കാൻ വരുന്ന
ഒരു കാട്ടരുവിയുണ്ട്.
അതിനപ്പുറം മരങ്ങൾക്കിടയിൽ
ആരോ മറന്നുവെച്ച ഒരു വീട്.
മഞ്ഞുകട്ടകൾ കൊണ്ടു പണിതപോലെ..


ഞാൻ മക്കളുടെ കൈപിടിച്ച്
കരിയിലകളിൽ നിലാവു കുടഞ്ഞിട്ട
കാട്ടുപാതയിലൂടെ
നടന്നു നടന്നു പോയിരുന്നു, അവിടേക്ക്...

സ്വപനമാണല്ലോ-
വീട്
എന്റെ സ്വന്തമായിരുന്നു.
മാൻപേടകൾ കളിക്കാൻ വരുമായിരുന്നു;
കുട്ടികളോടൊപ്പം...
ചിത്രശലഭങ്ങളുടെ
സ്കൂളിലായിരുന്നു അവർ
മഴവിൽ പാലം കടന്ന്
പഠിക്കാൻ പോയിരുന്നത്.
ഇപ്പോൾ
കിനാവു മുറിഞ്ഞില്ലായിരുന്നുവെങ്കിൽ
എനിക്കവിടെ മലയാളം ടീച്ചറായി
ജോലി കിട്ടിയേനേ..

സ്വപ്നത്തിലുടനീളം, നീ-
ഏതോ
ജയിലിലായിരുന്നു..
ആ വീട്ടിലെ
പാലുകാച്ചിന്റെ
അന്നായിരുന്നു നിന്നെ
കോടതി
തൂക്കിക്കൊല്ലാൻ വിധിക്കുന്നത്..

നിൻറെ തൊണ്ടക്കുഴിയിൽ നിന്നും
അറുത്തിട്ട ആട്ടിൻകുട്ടിയുടെ
അവസാനത്തെ ശബ്ദം കേട്ടാണ്
ഞാൻ ഞെട്ടിയുണർന്നത്.

ഉണർന്നിരുന്ന ഞാൻ, ചെയ്ത തെറ്റുകളെ കുറിച്ചു
ചിന്തിക്കുകയായിരുന്നു.

രക്ത ബന്ധങ്ങൾ മുറിച്ച്
ഇറങ്ങിവരാൻ തോന്നിയ ദിവസം,
ഉറങ്ങുന്ന മക്കൾ,
പ്രണയം;പ്രളയം...
ഒന്നുമല്ല... ഒന്നുമല്ല..
'നീ'
നീമാത്രമാണ്..
നീയാണ്, ഞാൻ ചെയ്ത തെറ്റ്.
*****


ഇനി ഞാൻ കണ്ട സ്വപ്നത്തിലേക്ക് കടക്കാം:

കൂരിരുട്ട്,
വെടിയൊച്ച,
അഭയാർത്ഥി ക്യാമ്പ്.

ശവഘോഷയാത്രകൾ
സ്ഫോടനങ്ങൾ
രക്ത നദിയിലൂടെ
ഒഴുകിനീങ്ങുന്ന കുഞ്ഞുങ്ങളുടെ
കബന്ധങ്ങൾ..

വീടിനു ചുറ്റും
സായുധ പോലീസ്
മുറ്റത്ത്
NIA ക്കാരുടെ വണ്ടി
വിലങ്ങുകൾ...
വിലാപങ്ങൾ.

ഈ സ്വപ്നത്തിൽ
നീ ഇല്ലായിരുന്നു;മക്കളും..
നീ, എന്നോ പുഴയിലേക്ക്
നടന്നുപോയ ഒരോർമ മാത്രം
ചെറുതായൊന്നു മിന്നിയോ എന്നറിയില്ല.

സ്വപ്നം തുടങ്ങുന്നതിനു മുമ്പേ
കുട്ടികളെ ആരോ തട്ടിക്കൊണ്ടുപോയിരുന്നു.
********


ഉണർന്നിരുന്നപ്പോൾ ഞാനും
എന്റെ തെറ്റുകളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.

ബുദ്ധിയുറക്കുന്നതിനു മുമ്പേ
എനിക്കു ചാർത്തിത്തന്ന 'പേര്'..
ഒർമവെക്കുന്നതിനു മുമ്പേ
മുറിച്ചുകളഞ്ഞ അഗ്ര ചർമം.
എന്റേതെന്നു പഠിപ്പിച്ചുതന്ന  മതം
ആരുടെയോ തീരുമാനം
തെളിയിക്കാൻ പറ്റാത്ത സത്യങ്ങൾ
'ഞാൻ'
ഞാൻ മാത്രം..
ഞാൻ മാത്രമാണ്, ഞാൻ ചെയ്ത തെറ്റ്.
*****

സ്വപ്ന വ്യാഖ്യാനം കഴിഞ്ഞു ഞങ്ങൾ തിരിഞ്ഞുകിടന്ന് ഉറക്കം നടിക്കുമ്പോൾ വാടക വീട് എന്റെ മുന്നിൽ എഴുന്നേറ്റിരുന്നു കോട്ടുവാ വിട്ടുകൊണ്ടു ചോദിച്ചു:
സുഹൃത്തേ,
ഒളി ജീവിതമാണ് അല്ലേ?
അഥവാ വാടക ജീവിതം?
തികച്ചും സാധാരണമായ
ഒരു സ്വപ്നമാണിത്.
ഒരുമാസത്തെ
വാടകയ്ക്ക് പോലും തികയാത്ത;
കവിത പോലുമാവാത്ത വെറുംസ്വപ്നം.




















2013 ജൂൺ 5, ബുധനാഴ്‌ച

കാതോർത്തിരുന്നാൽ  കേൾക്കാവുന്നത്.

ചിലപ്പോൾ
ഒറ്റയ്ക്കിരിക്കുമ്പോൾ
ശിഖിരങ്ങളില്ലാത്ത
പടുമരമാണെന്നു തോന്നും.

ശിരസ്സ്
ഒരു തേനീച്ചക്കൂടെന്നു
മനസ്സുപറയും.

ഞൊടീയലുകൾ 
തലയ്ക്കകത്ത് waggle dance നടത്തും.
നിലയ്ക്കാത്ത
ആരവങ്ങൾക്കൊപ്പം
കാതിൽക്കൂടി ഇടയ്ക്കിടെ
ആയുസ്സ്കുറഞ്ഞ
പെണ്ണീച്ചകൾ
മധു ശേഖരിക്കാൻ പോകും.
തലയിലെ മെഴുകറകളിൽ
ശേഖരിച്ചു വെക്കും...

മൂക്കിൻറെ അറ്റത്ത്‌
ഒരു റാണിയീച്ച കുടിയിരിക്കും.
അലസന്മാരായ ആണീച്ചകൾ
കൂട്ടം കൂട്ടമായി വന്ന്
ഇണചേർന്നു കൊണ്ടിരിക്കും.

റാണി  
കണ്ണുകളിലേക്കു 
രണ്ടായിരം മുട്ടകൾ
ഒന്നിച്ച് വർഷിക്കും.

തലയ്ക്കകത്ത്
വളരെ നിശബ്ദമായി
രണ്ടായിരം ഭ്രൂണങ്ങൾ
ലാർവയായി രൂപാന്തരം പ്രാപിക്കും
പതിയെ വളർന്ന്
ചെവിയിൽ തിരുകാനുള്ള
രണ്ടായിരം
ചെമ്പരത്തിപ്പൂവുകളിലേക്ക്
പരാഗണം നടത്താൻ തുടങ്ങും...

തല വെട്ടിപ്പൊളിച്ചു
തേൻകുടിക്കാൻ
പരുന്തുകളോ കടന്നൽ കൂട്ടമോ
എത്തിയെങ്കിൽ എന്നു തോന്നും.

അപ്പോഴാണ്‌ ഒരു ഭ്രാന്തൻ
കൊടുങ്കാറ്റുപോലെ നിലവിളിക്കുന്നത്.

2013 ജൂൺ 4, ചൊവ്വാഴ്ച

ഒരിക്കലും നിർത്താത്ത വണ്ടിയിൽ

ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും
ഒരു തീവണ്ടിയിലങ്ങനെ പോവുകയാണ്.
തീവണ്ടി പെട്ടന്നങ്ങു മറവിരോഗത്തിനു കീഴ്പ്പെടുകയാണ്‌  
ഓരോ  സ്റ്റേഷനിലെത്തുമ്പൊഴും നിർത്താൻ മറന്നുപോവുകയാണ്.


പയ്യന്നൂർ ഇറങ്ങേണ്ടവർ കാസർഗോഡുവരെ നിലവിളിച്ചുകൊണ്ടിരുന്നു
കാസർഗോഡ്‌ ഇറങ്ങേണ്ടവർ മംഗലാപുരം വരെ നിലവിളിച്ചു കൊണ്ടിരുന്നു.
പിന്നെ എല്ലാവരും എല്ലാം മറന്നു മിണ്ടാതിരിക്കാൻ തുടങ്ങി.

ഇപ്പോൾ ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും
ഒരിക്കലും നിർത്താത്ത ഒരു തീവണ്ടിയിലങ്ങനെ പോവുകയാണ്.

എന്റെ മുന്നിലിരിക്കുന്ന ഫേമിലി കണ്ണൂരിൽ നിന്നും കയറിവരാണ്.
(മൂന്നുവയസ്സുകാരി സുന്ദരിക്കുട്ടി, അവളുടെ അഞ്ചുവയസ്സുകാരൻ ബ്രദർ,ഇടയ്ക്കിടെ എന്നെ ഒളിഞ്ഞു നോക്കുന്ന പൂച്ചക്കണ്ണുള്ള വെളുവെളാ വെളുത്ത  മമ്മി , മസിൽ ഉരുട്ടിക്കയറ്റിയ ഡാഡി-പുഴയിലേക്ക് ചൂണ്ടി കടലെന്നു പറയുന്ന കുട്ടിയെപ്പോലെ നിഷ്കളങ്കമായ ഒരു യാത്ര)

ഇറങ്ങാനുള്ള സ്റ്റേഷൻ എല്ലാവരെയുംപോലെ അവരും മറന്നു പോയിരിക്കുന്നു..

ഒരിക്കലും നിർത്താത്ത വണ്ടിയിൽ
കാലം പോയതറിഞ്ഞതേയില്ല
മൂന്നുവയസ്സുകാരി
എത്രപെട്ടന്നാണ്‌ വയസ്സറിയിച്ചത്
തൊട്ടപ്പുറത്തെ കമ്പാർട്ടുമെന്റിലെ
മാർവാഡിച്ചെക്കനുമായി പ്രണയത്തിലായത്,
ഗർഭിണിയായത്; പ്രസവിച്ചത്..!

അവളുടെ ചേട്ടൻ ഏതു കമ്പാർട്ടുമെന്റിലെ
ആരുമായാണ് ഒളിച്ചോടിയത്‌ എന്ന് ഓർമയില്ല

അച്ഛൻ പ്രായമായി
മസിലുകൾ ശോഷിച്ചു
ചുമച്ചുചുമച്ച് തീർന്നുപോവുകയായിരുന്നു.

ഇപ്പോഴും  ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും
ഒരിക്കലും നിർത്താത്ത ഒരു തീവണ്ടിയിലങ്ങനെ പോവുകയാണ്.

ഇപ്പോൾ എന്റെ കൂടെ ഇരിക്കുന്ന പൂച്ചക്കണ്ണി
പഴയ മൂന്നുവയസ്സുകാരിയുടെ അമ്മയല്ല
മസിൽപവർ കാരൻറെ ഭാര്യയല്ല

നിങ്ങൾക്കാർക്കും ഓർമയില്ലാഞ്ഞിട്ടാണ്/എനിക്കും
ഇവൾ യാത്ര തുടങ്ങുമ്പോഴേ എന്റെ കൂടെ ഉണ്ടായിരുന്നു.