കൊട്ടേഷൻ
മുമ്പ്, ഞങ്ങൾ മലപ്പട്ടത്തുനിന്ന്ഏഴെട്ടു കിലോമീറ്റർ നടന്ന്
പെരുവളത്ത് പറമ്പ്
ടി.വി കാണാൻ പോകുമായിരുന്നു.
ഞങ്ങൾ എന്നു പറഞ്ഞാൽ
വലിയ ഒരു
കൊട്ടേഷൻ സംഘമായിരുന്നു.
ചെരിപ്പിടാതെ
മടത്തുംകുന്നും,ചേടിച്ചേരിയും,കുണ്ടടമുക്കും
താണ്ടി അഞ്ചെട്ടു വിശപ്പുകൾ-
ബിരിയാണി തിന്നതിനെക്കുറിച്ചും
ടാക്കീസിൽ പോയി
ഇന്ദ്രജാലം കണ്ടതിനെക്കുറിച്ചും
പുളുവടിക്കും.
എനിക്ക് ഉമ്മ
സൈക്കിൾ വാങ്ങിത്തരുമെന്ന് അവനും,
അവനു വിഷുവായാൽ അച്ഛൻ
ഷൂസു വാങ്ങിക്കൊടുക്കുമെന്നു ഞാനും
പരസ്പരം സമ്മതിക്കുമ്പോൾ
കുറേ നേരത്തേക്ക് ഞങ്ങൾ
ഷൂസിട്ടു സൈക്കിളിൽ
സിനിമാ തിയേറ്ററിലേയ്ക്കു സഞ്ചരിക്കുന്ന
മുനീറും സന്ദീപുമാകും.
എല്ലാവരും അങ്ങനെ ഓരോരോ-
നുണകളുടെ വിമാനത്തിൽ കയറി
പെട്ടെന്നു തന്നെ മൂസാനിക്കാന്റെ
മുറ്റത്തു ലാന്റ് ചെയ്യും.
അയാൾ പതിവുപോലെ
തേങ്ങ കടത്താനോ
വിറകു കൊണ്ടിടാനോ പറയും;
എങ്കിലേ സിനിമ കാണാൻ പറ്റൂ.
രാവിലെ തുടങ്ങുന്ന വ്യായാമം
വൈകുന്നേരം വരെ തുടരും.
തേങ്ങയുടെ ഒരു കുന്ന്(വിറകു കെട്ടുകളുടെ മല)
ഞങ്ങളെത്തന്നെ അതിശയപ്പെടുത്തും.
അപ്പോൾ വ്യായാമം ശരീരത്തിന് നല്ലതാണെന്ന്
ഒരിക്കൽ കൂടി ഓർമപ്പെടുത്തി
മൂസാനിക്ക ചോദിക്കും:
“ഹിന്ദുപ്പിള്ളാരൊന്നും മാപ്പിളാരുടെ പൊരക്ക്ന്ന്
വെള്ളം കുടിക്കൂലാലോ?”
ഞാനും പറയും "ഇല്ല" എന്ന്.
അവസാനം ഞങ്ങൾ
ഗിത്സിന്റെ പുറത്ത് നിരന്നു നിൽക്കും.
വി.സി.പി കിരികിരിയെന്ന് ഓണാകുമ്പോൾ
ഒരു കോരിത്തരിപ്പു വരും,
സത്യമാണോ എന്ന്
പരസ്പരം നുള്ളിനോക്കും.
എന്നത്തേയും പോലെ
നരച്ച സ്ക്രീനിലേയ്ക്ക്
തലേക്കെട്ട് കെട്ടിയ മമ്മൂട്ടി വരും,
ഒരേയൊരു സിനിമ തന്നെ എത്ര പ്രാവശ്യം കണ്ടുവെന്ന്
ആരും ആരോടും പരാതി പറയില്ല
മീശ പിരിച്ച മമ്മൂട്ടി
“കുട്ടികളെ തട്ടിക്കൊണ്ടുപോയിവിലപേശുന്ന ഊച്ചാളി ബ്ലാക്ക്മെയിലറല്ല
ചന്തക്കാട് വിശ്വൻ”
എന്നു പറയുമ്പോൾ
ഞങ്ങൾ നിർത്താതെ കയ്യടിക്കും,
എത്ര പറഞ്ഞാലും ചിലർ
ഒച്ചവെച്ചു പോകും..
അപ്പോൾ മൂസാനിക്കന്റോളോടിവന്ന്
“മഗ്രിബ് നിസ്കരിക്കാനായി”
എന്നും പറഞ്ഞ് കാഴ്ച കെടുത്തും.
പിന്നേയും കുറേനേരം
കാത്തു നിൽക്കും..
അവസാനം
പ്രതീക്ഷ നശിച്ച്
ഞങ്ങൾ അടുവാപ്പുറം വഴി
ചൂളിയാട് കുന്നു കയറി
എളുപ്പവഴിയിൽ
വീട്ടിലേയ്ക്കു തിരിച്ചുവരും.
അന്നേരം ആരും നുണ പറയില്ല,
വിശപ്പ് ഒന്നും അംഗീകരിക്കില്ല
എന്ന് മനസ്സിലാക്കും.
ഒടുവിൽ
വഴി പിരിയുമ്പോൾ
ഇരുട്ട് ഞങ്ങളെ വന്നു മൂടിയിട്ടുണ്ടാവും..
എങ്കിലും,
തേങ്ങകൾ ഇനിയും ബാക്കിയുണ്ട്
നാളേയും പോകണം
എന്ന പ്രതീക്ഷകൾ മാത്രം പങ്കുവെയ്ക്കും.
എനിക്ക് ഉമ്മ
മറുപടിഇല്ലാതാക്കൂസൈക്കിൾ വാങ്ങിത്തരുമെന്ന് അവനും,
അവനു വിഷുവായാൽ അച്ഛൻ
ഷൂസു വാങ്ങിക്കൊടുക്കുമെന്നു ഞാനും
പരസ്പരം സമ്മതിക്കുമ്പോൾ
കുറേ നേരത്തേക്ക് ഞങ്ങൾ
ഷൂസിട്ടു സൈക്കിളിൽ
സിനിമാ തിയേറ്ററിലേയ്ക്കു സഞ്ചരിക്കുന്ന
മുനീറും സന്ദീപുമാകും.
ഒരുപാടിഷ്ടായി , സാധാരണക്കാർക്ക് വഴങ്ങുന്ന ഇങ്ങളെ ഭാഷേം ഭാവനേം ..
സ്നേഹാശംസകൾ