2013 ഏപ്രിൽ 13, ശനിയാഴ്‌ച

നീലസാരികളുടെ ബീച്ച്

ഞാൻ കാത്തിരിക്കുന്ന മുഖം
വിരസവേളകളിൽ 
വിരുന്നു വരാറുള്ള 
സൗഹൃദ സംഭാഷണങ്ങളുടെ 
നിറങ്ങളിൽ വരച്ചെടുത്ത വിഷാദമാണ്.. 

നീലസാരിയാണ് വേഷം 
എന്നുമാത്രം സൂചിപ്പിച്ചിരുന്നു, 
കടും നീലയെന്നോ ആകാശനീലയെന്നോ 
ഇളംനീലയെന്നോ പറഞ്ഞിരുന്നില്ല..
വെറും നീലനിറം, അത്രമാത്രം..

ഞാൻ കറുപ്പാണെന്ന്
അവൾക്കറിയാം..
കണ്ടില്ലെങ്കിലും
എല്ലാ കറുപ്പും
കറുപ്പാണെന്ന് ആർക്കും
പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ..

തൊട്ടടുത്തെ സിമന്റു ബെഞ്ചിലിരുന്നു
ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്ന
കടും നീലനിറം
അവളായിരിക്കില്ല,
കൂടെ മറ്റൊരു കറുപ്പ്
നെടുവീർപ്പുകൾ കൊണ്ടു
തിരകളെണ്ണുന്നത് കാണാം.. 

അപ്പുറത്ത് ബദാംമരച്ചുവട്ടിൽ
മൗനത്തിന്റെ പോപ്പ്കോണുകൾ
ഒറ്റയ്ക്ക് കൊറിക്കുന്ന
ആകാശനീലസാരി
അവളായിരിക്കില്ല,
കൂടെ ഒരു കറുപ്പ് ജീൻസ്
വീണ്ടും വീണ്ടും സിഗരെറ്റ്‌ കുറ്റികൾ
ചവിട്ടി ഞെരിക്കുന്നുണ്ട്..

ഇപ്പോൾ, കരഞ്ഞു ചീർത്ത
പൂച്ചക്കണ്ണുകൾ തൂവാലകൊണ്ട്
മറച്ചുപിടിച്ചു ഓട്ടോയിൽ
വന്നിറങ്ങിയ ഇളംനീലയുടെകൂടെ
ഒരു തടിച്ചകറുപ്പ് നടന്നുപോകുന്നുണ്ടായിരുന്നു..
അതും അവളായിരിക്കില്ല.. 

അകലെ  മണൽപ്പരപ്പിലൂടെ
നിലവിളിച്ചുകൊണ്ട്
നീലക്കടലിലേക്ക് ഓടിപ്പോകുന്ന
വെറും നീലനിറം
അവളായിരിക്കുമോ?
കൂടെ ഒരു കരിനിഴൽ പോലുമില്ല..

ആയിരിക്കില്ല..
എങ്കിലും, ഇനിയൊരു-
കാത്തിരിപ്പിന് സാധ്യതയുമില്ല.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ