2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

പഴയ ഒരു പ്രണയ ലേഖനത്തിൻറെ പുനർവായന 

പ്രിയ തോഴൻ K വായിച്ചറിയുവാൻ സ്വന്തം S 

ആകാശത്തിൻറെ അനന്ത സീമയിൽ പറന്നുല്ലസിക്കുന്ന വർണ്ണ പറവകളാണ് നാം.നിന്റെ സ്വപ്നങ്ങളുടെ രാജ കൊട്ടാരത്തിലെ റാണിയാവുന്ന ശുഭ മുഹൂർത്തം കിനാവുകണ്ടുറങ്ങുന്ന അപൂർവ്വ സുന്ദര സുരഭില യാമങ്ങളിൽ നീയെൻറെ കാതിൽ മൂളിയ ഗന്ധർവഗാനം എങ്ങനെ മറക്കും ഞാൻ സഖേ... 

എടാ ഇന്നലെ രാജേഷിനോട് മിണ്ടിയത് നിനക്ക് ഇഷ്ടമായില്ല അല്ലേ ധന്യ പറഞ്ഞിരുന്നു, ഇനി അങ്ങനെ ഉണ്ടാവില്ല, ട്ടോ സോറി.. (നീ ധന്യയോടും മിണ്ടരുത്)

നീലക്കടലിന്റെ അപാരതയിൽ പരസ്പരം പുണർന്നു നഗ്ന നൃത്തം ചെയ്യുന്ന പരൽ മീനുകളാണ് നാം ഏതു കോളിളക്കത്തിലും പിരിയാതെ കൂടെ നിൽക്കാൻ നീയെന്നെ ഒരു താലിച്ചരട് കൊണ്ട് ബന്ധിക്കണം.. 

എടാ പൊട്ടാ, അമ്മയ്ക്കെന്തോ സംശയം കുടുങ്ങിയിട്ടുണ്ട്. ഇനി നീ ആ പാട്ട സൈക്കളും കൊണ്ട് വീടിന്റെ മുന്നിൽ വന്ന് മീൻകാരനെപ്പോലെ ഹോണടിക്കരുത്‌......

വസന്തകാലം കൊഴിഞ്ഞു പോയ പൂക്കളെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ നീയും ഞാനും സുഗന്ധപൂരിതമായ പനിനീർമലരുകളായി പരിലസിക്കുന്ന സായംസന്ധ്യയിൽ തേൻ നുകരാൻ വന്ന ചിത്ര ശലഭങ്ങൾ നമുക്ക് സാക്ഷിപറയും അവരായിരുന്നു പരിശുദ്ധ പ്രണയത്തിൻറെ ഉത്തമോദാഹരണങ്ങൾ എന്ന്.. 

നീ ഇക്കൊല്ലവും ഒമ്പതിൽ തോറ്റാൽ ഞാൻ ഉറപ്പായിട്ടും രാജേഷിനോട് മിണ്ടും 

മോഹങ്ങളുടെ മണിയറയിൽ നാം ഒന്നു ചേർന്ന് പാടുന്ന പ്രണയ ഗാനത്തിൻറെ പല്ലവിയാകുവാൻ ഞാൻ കാത്തിരിക്കുന്നു..

എടാ ഞാൻ ഇന്ന് സ്കൂളിൽ വരില്ല ഇന്നലെ പച്ചപ്പുളി തിന്നിട്ട് വല്ലാത്ത വയറ്റീന്നു പോക്കാണ്. അതുകൊണ്ടാണ് കത്ത് ധന്യയുടെ കയ്യിൽ കൊടുത്തയക്കുന്നത് (നീ അവളോട്‌ മിണ്ടരുത്) മറുപടി രാജേഷിൻറെ കയ്യിൽ കൊടുത്തേക്കൂ വൈകുന്നേരം ഞാൻ വാങ്ങിക്കോളാം...

ചുംബനങ്ങളുടെ പൂച്ചെണ്ടുകൾ അർപ്പിച്ചുകൊണ്ട് സ്വന്തം S (മുത്തം)
 



കാത്തിരിക്കുന്നുണ്ട് ഒരു തെരുവ് 

പാതിരാവിൽ
നിലാവിൽ ഒറ്റയ്ക്കിരിക്കുന്ന തെരുവ് 
ഹൃദയമിടിപ്പുകളുടെ 
ഘടികാര ശബ്ദങ്ങളിൽ 
മുറിഞ്ഞു പോകുന്ന മൗനം 
നെടുവീർപ്പുകളിൽ 
ഒളിച്ചുവെച്ചു കൊണ്ടിരുന്നു 

ഒറ്റയ്ക്കിരിക്കുന്ന തെരുവ് 
കാത്തിരിക്കുന്നത് 
തീർച്ചയായും നിർവഹിക്കെണ്ടിയിരിക്കുന്ന 
ഒരു കടമയുടെ 
പൂർത്തീകരണത്തിന്  വേണ്ടിയാണ്.  

പാഞ്ഞു വരുന്ന 
ഒരു ഇരുചക്രവാഹനം നിശബ്ദതയുടെ 
കടൽ ഇളക്കി മറിക്കും
ഒരു ഓട്ടോ റിക്ഷക്കാരന് 
തെരുവിൻറെ മൗനം  
ശബ്ദമുഖരിതമായ ഭീതിയിലേക്ക് 
ഓടിച്ചു കൊണ്ടുപോകാൻ സാധിക്കും 

പക്ഷേ, ആർക്കാണ് 
നിശ്ചയമായും അങ്ങനെയൊരു 
തോന്നലുണ്ടാവുക എന്നറിയില്ല...

ആരായാലും പെട്ടന്നുവന്നു 
ബലാൽസംഘം ചെയ്യുകയാണെങ്കിൽ 
തെരുവിനു കടമ നിർവഹിച്ച 
ആത്മ സംതൃപ്തിയോടെ 
ഉറങ്ങാൻ കിടക്കാമായിരുന്നു 



2013 ഏപ്രിൽ 25, വ്യാഴാഴ്‌ച

ഒരു സംഘാടകൻ എന്ന നിലയിൽ ഒരു സംഘാടകൻ എന്തൊക്കെയാണ് അനുഭവിക്കേണ്ടത്...

തെരുവ് മരിച്ചവനുവേണ്ടിയുള്ള
സമ്മാനങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ്

കച്ചവടക്കാരൻ  പൂക്കടയിലെ തിരക്കിനെ
ഭയപ്പെടുന്നത് പോലെ ഇടയ്ക്കിടെ
നെടുവീർപ്പുകളെ ഒളിച്ചു കടത്തുന്നു...
റീത്തുകൾ തികയാതെ വരും
ബൊക്കകൾ ഒരിക്കലും
ആവശ്യാനുസരണം എത്തുന്നില്ല,
മുല്ലമൊട്ടുകൾ അഴുകിക്കഴിഞ്ഞാൽ
കുതിരച്ചാണകം മണക്കും....

തെരുവ് തിരക്കിലാണ്...

പ്രസ്സ് ക്ലബ്ബിൽ നാലാണ് മീറ്റിംഗ്,
സമയക്രമം ഒരിക്കലും
മാറ്റാനും സാധ്യമല്ല
ലൈബ്രറി ഹാളിലും വാവാച്ചി ഹാളിലും 
ബുക്കിംഗ് ഇന്നലെത്തന്നെ കഴിഞ്ഞുവത്രേ...
ഈ ചെറ്റളോട് പലവട്ടം പറഞ്ഞതാണ് ഞാൻ,
അറിഞ്ഞ ഉടനെതന്നെ 
എല്ലാം റെഡിയാക്കണമായിരുന്നു...

ഒരു സംഘാടകൻ
എന്തൊക്കെയാണ് അനുഭവിക്കേണ്ടത്...
ഒരു പത്തു മിനിറ്റ്
ഫോണ്‍ എടുക്കാൻ പറ്റിയില്ല
എങ്കിലും കക്കൂസിൽ പോകരുത്
എന്നൊക്കെ പറഞ്ഞാൽ...

മരിച്ചവന് എന്തൊക്കെയാണ്
നമുക്ക് കൊടുക്കാൻ പറ്റുന്ന സമ്മാനങ്ങൾ?

ഭാരതരത്നം അസാധ്യമായതുകൊണ്ട്
മാക്സിമം ചെയ്യാൻ പറ്റുന്ന 
മറ്റെന്തെങ്കിലും എന്ന ആശയവുമായി
തലപുകയാൻ തുടങ്ങിയിട്ട് സമയമേറെയായി...
എന്ത് എന്ന ചോദ്യത്തിന് 
എന്തും എന്ന ഉത്തരവുമായി
പലരും മുന്നോട്ട് വന്നു... പക്ഷേ എന്ത്?

ടൌണ്‍ സ്ക്വയർ പറ്റിയ സ്ഥലം തന്നെ...
റീത്തുകൾ പ്രവഹിക്കുകയാണ്,
റീത്ത് വെച്ച എ ക്ലാസ് ബെൻസ്,
ഇമ്പോർട്ട് ചെയ്ത
ഹമ്മറിന്റെ നെഞ്ചിലെ റീത്തുകെട്ടുകൾ,
സൈക്കിളിൽ,തലച്ചുമടായി;
ജാതിഭേദമില്ലതെ
കടന്നു വരുന്ന പുഷ്പചക്രങ്ങൽ....

സ്വാഗത പ്രാസംഗികൻ
കൈകൾ ആവോളം ഉയർത്തി
പ്രശംസകളുടെ പുഷ്പവൃഷ്ടി നടത്തി,
അദ്ധ്യക്ഷൻ സങ്കടരാഗം പാടി
കണ്ണീർമഴ പെയ്യിച്ചു...
റീത്തുകൾ നിലവിളിച്ചുകൊണ്ടു ചുറ്റും കൂടി....

ആരാണ് മരിച്ചത്? ആരാണ് മരിച്ചത്?

സത്യത്തിൽ ആരാണ് മരിച്ചത്?
ഉത്തരം കിട്ടാതെ തൊണ്ട വരണ്ടപ്പോൾ
ഞാൻ അണിയറയിൽ കയറി കതകടച്ചു

ശവമായി അഭിനയിക്കാൻ
വെറും മൂന്നു കഷണം വെള്ളത്തുണി മതി...
മനുഷ്യനായി ജീവിക്കാനോ?....

തൽക്കാലം എനിക്കിതേ പറ്റൂ...
ഒരു സംഘാടകൻ എന്ന നിലയിൽ
ഒരു സംഘാടകൻ എന്തൊക്കെയാണ്
അനുഭവിക്കേണ്ടത്...



2013 ഏപ്രിൽ 17, ബുധനാഴ്‌ച


എത്ര പര്യായങ്ങളാണ് വേശ്യ എന്ന വാക്കിന്!


സങ്കടങ്ങളുടെ  
കരിമരുന്നു നിറച്ച് 
വിങ്ങിവിങ്ങി 
ഏതു നിമഷവും 
പൊട്ടിപ്പോയേക്കാവുന്നതു-
കൊണ്ടാവണം 
വെടി, പടക്കം 
തുടങ്ങിയ പേരുകൾ 
ഇത്ര നന്നായി ചേരുന്നത് 

എപ്പോഴും 
സ്വയം വിൽക്കാൻ/വിൽക്കപ്പെടാൻ 
തയ്യാറായി നിൽക്കുന്ന
ജീവനില്ലാത്ത  
നൊമ്പരങ്ങൾക്ക് 
ചരക്ക്, പീസ്‌, മറ്റേത് 
എന്നിവയൊക്കെ 
നല്ല ഉദാഹരണങ്ങൾ തന്നെ.. 

പെഴ, 
പെലയാടിച്ചി, 
കൂത്തിച്ചി, 
അഭിസാരിക, 
മറ്റവൾ.. അങ്ങനെ വിട്ടുപോയതും 
പൂരിപ്പിക്കേണ്ടതുമായ 
ഒരുപാട് പേരുകൾ 
വേറെയും... 

എപ്പോഴാണ്
ഞാൻ പരാചയപ്പെടുത്തിയ പ്രണയവും 
നീ മൊഴിചൊല്ലിയ ജീവിതവും 
അവൻ അകാലത്തിൽ 
ഇട്ടേച്ചു പോയ വിശപ്പും.. 
സ്വന്തം പേരുകളിൽ 
വിളിക്കപ്പെടുക?
വെറും പെണ്ണ് എന്നെങ്കിലും 
അറിയപ്പെടുക?

2013 ഏപ്രിൽ 13, ശനിയാഴ്‌ച

നീലസാരികളുടെ ബീച്ച്

ഞാൻ കാത്തിരിക്കുന്ന മുഖം
വിരസവേളകളിൽ 
വിരുന്നു വരാറുള്ള 
സൗഹൃദ സംഭാഷണങ്ങളുടെ 
നിറങ്ങളിൽ വരച്ചെടുത്ത വിഷാദമാണ്.. 

നീലസാരിയാണ് വേഷം 
എന്നുമാത്രം സൂചിപ്പിച്ചിരുന്നു, 
കടും നീലയെന്നോ ആകാശനീലയെന്നോ 
ഇളംനീലയെന്നോ പറഞ്ഞിരുന്നില്ല..
വെറും നീലനിറം, അത്രമാത്രം..

ഞാൻ കറുപ്പാണെന്ന്
അവൾക്കറിയാം..
കണ്ടില്ലെങ്കിലും
എല്ലാ കറുപ്പും
കറുപ്പാണെന്ന് ആർക്കും
പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ..

തൊട്ടടുത്തെ സിമന്റു ബെഞ്ചിലിരുന്നു
ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്ന
കടും നീലനിറം
അവളായിരിക്കില്ല,
കൂടെ മറ്റൊരു കറുപ്പ്
നെടുവീർപ്പുകൾ കൊണ്ടു
തിരകളെണ്ണുന്നത് കാണാം.. 

അപ്പുറത്ത് ബദാംമരച്ചുവട്ടിൽ
മൗനത്തിന്റെ പോപ്പ്കോണുകൾ
ഒറ്റയ്ക്ക് കൊറിക്കുന്ന
ആകാശനീലസാരി
അവളായിരിക്കില്ല,
കൂടെ ഒരു കറുപ്പ് ജീൻസ്
വീണ്ടും വീണ്ടും സിഗരെറ്റ്‌ കുറ്റികൾ
ചവിട്ടി ഞെരിക്കുന്നുണ്ട്..

ഇപ്പോൾ, കരഞ്ഞു ചീർത്ത
പൂച്ചക്കണ്ണുകൾ തൂവാലകൊണ്ട്
മറച്ചുപിടിച്ചു ഓട്ടോയിൽ
വന്നിറങ്ങിയ ഇളംനീലയുടെകൂടെ
ഒരു തടിച്ചകറുപ്പ് നടന്നുപോകുന്നുണ്ടായിരുന്നു..
അതും അവളായിരിക്കില്ല.. 

അകലെ  മണൽപ്പരപ്പിലൂടെ
നിലവിളിച്ചുകൊണ്ട്
നീലക്കടലിലേക്ക് ഓടിപ്പോകുന്ന
വെറും നീലനിറം
അവളായിരിക്കുമോ?
കൂടെ ഒരു കരിനിഴൽ പോലുമില്ല..

ആയിരിക്കില്ല..
എങ്കിലും, ഇനിയൊരു-
കാത്തിരിപ്പിന് സാധ്യതയുമില്ല.





2013 ഏപ്രിൽ 10, ബുധനാഴ്‌ച

സക്കാത്ത് 

പതിനൊന്നുമാസം
ഉമ്മയ്ക്ക് പണിക്കൂലി
കൊടുക്കാതിരികാൻ
പ്രത്യേകം ശ്രദ്ദിച്ച
ഹാജിയാര്
ഇരുപത്തേഴാം രാവിന്റെ
നോമ്പിന്റന്ന്
നൂറിൻറെ പെടക്കണ
ഒറ്റനോട്ടെടുത്തു കൊടുത്ത്
"പാത്തുമ്മ എല്ലാം
പൊരുത്തപ്പെടണം"
എന്ന് പറഞ്ഞു..

"പാവം മൂസാനാജി
പടച്ചോനെ..
ഓറെ മൂന്നാമത്തെ ഹജ്ജും
പെട്ടന്ന് നടത്തിക്കൊടുക്കണേ..."
ഉമ്മാന്റെ കണ്ണ് നിറഞ്ഞു.  

2013 ഏപ്രിൽ 9, ചൊവ്വാഴ്ച



... 
എന്റെ അഭാവം ആസ്വദിക്കുമ്പോൾ 
ആനന്ദ കരമായ ഒരു വിരഹം 
വരച്ചുവെക്കപ്പെടും 

എന്റെ അലമാരയിലെ 
പുസ്തകങ്ങൾ വാരിക്കൂട്ടി തീ കൊടുത്ത് 
ഈ മഞ്ഞു കാലം ഊഷ്മളമാക്കാം 
ഒഴിഞ്ഞു കിട്ടുന്ന അലമാരക്കള്ളികളിൽ 
നിന്റേതു മാത്രമായ പഴയ കളിപ്പാട്ടങ്ങളും 
ഓർമകളുടെ വളരെ ചെറിയ 
വളപ്പൊട്ടുകളും അടുക്കി വെക്കാം.. 
അത് നിന്റെ ഹൃദയമാണെന്ന് 
അവകാശപ്പെടാം.. 

ഓർമപ്പെടുത്തുന്ന 
ചില അടയാളങ്ങൾ കഴുകിക്കളഞ്ഞ് 
മനസ്സിന് പുതിയ വെള്ളപൂശാം 
ഞാൻ വരച്ചുവെച്ച ചിത്രങ്ങൾ 
അപൂർണമായ ചില കവിതകൾ 
ഒളിച്ചിരിക്കുന്ന ചില നെടുവീർപ്പുകൾ 
എല്ലാം തൂത്തുവാരി പ്രണയത്തിൻറെ 
പൊട്ടക്കിണര്‍ നിറയ്ക്കാം 
അവിടെ നഷ്ട സ്വപ്നങ്ങളുടെ 
അരണമരം നടാം... 
മറവിയുടെ ശിഖരങ്ങളിൽ 
കളിയൂഞ്ഞാൽ കെട്ടാം 

മൗനം പോലെ മുഷിഞ്ഞ  
എന്റെ കട്ടിയുള്ള തുകൽ വസ്ത്രം 
ഇനി നിനക്ക് പുറത്തു നിന്നും 
ചവിട്ടി വരുന്ന ചെളിയോ 
ചാണകമോ അമർത്തിത്തുടയ്ക്കാൻ 
സ്മരണകളുടെ വീട്ടിലേക്കുള്ള 
പ്രവേശന കവാടത്തിൽ 
നിവർത്തിയിടാം.. 

കാത്തിരിക്കരുത്,എന്നെ... 

കാത്തിരിക്കരുത് ആരും, ആരെയും.. 
എന്നുപഠിപ്പിക്കുന്ന ഒരു കടൽ 
എനിക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നുണ്ട്... 





 

2013 ഏപ്രിൽ 5, വെള്ളിയാഴ്‌ച

ആട് പട്ടിയാകുന്ന വിധം 

സമുദ്രാ ബാറിലെ നിയോണ്‍ വെളിച്ചം 
തണുത്ത തിരകളിൽ ലഹരിയുടെ നീലനിറമുള്ള കുമിളകൾ 

ഒരു വട്ടമേശയ്ക്ക് ചുറ്റും അവർ മൂന്നുപേർ ആഗോള ചർച്ചയാണ്, ഇടയ്ക്കൊരു ലൈറ്റെർ ചോദിച്ചോ,
ആവശ്യമില്ലാതെ പുറത്തെ ചൂടിനെ ക്കുറിച്ച് വേവലാതിപ്പെട്ടോ 
ആരെങ്കിലുംചെന്ന് ശല്യം ചെയ്യുന്നത് ഇഷ്ടമാകണമെന്നില്ല.. 

തൊട്ടടുത്ത ടേബിളിൽ ഒറ്റയ്ക്കിരിക്കുന്നത് 
ഒരു നാടൻ കുട്ടനാടാണ്, പ്യൂർ വെജിറ്റേറിയൻ 

ചർച്ച പുരോഗമിക്കുകയാണ്, 
'ഷേവോണ്‍ സൗലാക്കി' എന്ന വിശിഷ്ടമായ 
മട്ടൻകറിയെ കുറിച്ചു കൂടുതൽ സംസാരിക്കാനുണ്ട് ഒരാൾക്ക്‌, 
അതിൻറെ റെസിപ്പിയെക്കുറിച്ച് തുടങ്ങുന്നതിനുമുമ്പ് 
ഏതോ മലപ്പുറം താത്തയുടെ  വെളുവെളുത്ത ആട്ടിൻകാൽ 
ആരോ എടുത്ത് മേശപ്പുറത്ത് വെച്ചു.. 
മൂവരും തൊട്ടും തലോടിയും മണത്തും രുചിച്ചും 
കുടിച്ചുകൊണ്ടിരുന്നപ്പോൾ അടുത്ത മേശയിൽ നിന്നും 
അസഹ്യമായ ബീഡിപ്പുക 
ഒരുതരം തൊഴിലാളി സമരത്തിൻറെ അപരിഷ്കൃത ഗന്ധം.. 

ആരോ പറഞ്ഞു അത് ആടല്ല പട്ടിയാണ്.. 

ഇപ്പോൾ ചർച്ച പട്ടിയിറച്ചിയെ കുറിച്ചാണ് 
ഫിലിപ്പീനികളുടെ 'വെഡ്ഡിങ്ങ് സ്റ്റൈൽ സ്റ്റ്യൂവ്ഡ് ഡോഗ്'
കൂടുതൽ ചർച്ചാവിഷയമായില്ല 
ആപ്പോഴേക്കും പുഴുങ്ങിയ പെരിച്ചാഴി കയറിവന്നു 
അതിൻറെ പുറംതൊലി വലിച്ചു കളഞ്ഞപ്പോൾ 
കണ്ട വെള്ളത്തിലഴുകിയ ശവങ്ങളുടെ ആവിപറക്കുന്ന വെളുപ്പുനിറം 
നിലയ്ക്കാത്ത ഒക്കാനത്തിന് കാരണമായി. 

അപ്പുറത്ത് നിന്നും അടക്കിയ ഒരു ചിരി 
'മൈര്' എന്ന ആത്മഗതം..
മൂന്നുപേരും നിഷ്പക്ഷമായ ഒരു തീരുമാനത്തിലെത്തി. 

ഇത് ആടല്ല പട്ടി തന്നെ... 
ഒരു കൂട്ടച്ചിരി പരസ്പരം കയ്യടിച്ചു.. 


അപ്പോൾ ആട് 
വെറുതെ മേശമേൽ കയറി നിന്നു 
അലസമായി വീണുകിടക്കുന്ന ചെവി ചെറുതാക്കി, കുത്തനെ നിർത്തി. 
കൊമ്പുകൾ ഉള്ളിലേക്ക് വലിച്ച് ഒളിച്ചുവെച്ചു 
വാല് ഇത്തിരിയൊന്നു നീട്ടി, മുകളിലോട്ട് നന്നായി വളച്ചു.. 
മൂന്നുവട്ടം ഡിജിറ്റൽ സൗണ്ടിൽ ആഞ്ഞുകുരച്ചു..... 

ഓ.. ഇപ്പോൾ എന്തൊരു നിശബ്ദത. 








2013 ഏപ്രിൽ 2, ചൊവ്വാഴ്ച

കൊട്ടേഷൻ

മുമ്പ്, ഞങ്ങൾ മലപ്പട്ടത്തുനിന്ന്
ഏഴെട്ടു കിലോമീറ്റർ നടന്ന്
പെരുവളത്ത് പറമ്പ്
ടി.വി കാണാൻ പോകുമായിരുന്നു.

ഞങ്ങൾ എന്നു പറഞ്ഞാൽ
വലിയ ഒരു
കൊട്ടേഷൻ സംഘമായിരുന്നു.
ചെരിപ്പിടാതെ 
മടത്തുംകുന്നും,ചേടിച്ചേരിയും,കുണ്ടടമുക്കും
താണ്ടി അഞ്ചെട്ടു വിശപ്പുകൾ-
ബിരിയാണി തിന്നതിനെക്കുറിച്ചും
ടാക്കീസിൽ പോയി
ഇന്ദ്രജാലം കണ്ടതിനെക്കുറിച്ചും
പുളുവടിക്കും.


എനിക്ക് ഉമ്മ
സൈക്കിൾ വാങ്ങിത്തരുമെന്ന് അവനും,
അവനു വിഷുവായാൽ അച്ഛൻ
ഷൂസു വാങ്ങിക്കൊടുക്കുമെന്നു ഞാനും
പരസ്പരം സമ്മതിക്കുമ്പോൾ
കുറേ നേരത്തേക്ക് ഞങ്ങൾ
ഷൂസിട്ടു സൈക്കിളിൽ
സിനിമാ തിയേറ്ററിലേയ്ക്കു സഞ്ചരിക്കുന്ന
മുനീറും സന്ദീപുമാകും.


എല്ലാവരും അങ്ങനെ ഓരോരോ-
നുണകളുടെ വിമാനത്തിൽ കയറി
പെട്ടെന്നു തന്നെ മൂസാനിക്കാന്റെ
മുറ്റത്തു ലാന്റ് ചെയ്യും.

അയാൾ പതിവുപോലെ
തേങ്ങ കടത്താനോ
വിറകു കൊണ്ടിടാനോ പറയും;
എങ്കിലേ സിനിമ കാണാൻ പറ്റൂ.


രാവിലെ തുടങ്ങുന്ന വ്യായാമം
വൈകുന്നേരം വരെ തുടരും.
തേങ്ങയുടെ ഒരു കുന്ന്
(വിറകു കെട്ടുകളുടെ മല) 

ഞങ്ങളെത്തന്നെ അതിശയപ്പെടുത്തും.
അപ്പോൾ വ്യായാമം ശരീരത്തിന് നല്ലതാണെന്ന് 
ഒരിക്കൽ കൂടി ഓർമപ്പെടുത്തി
മൂസാനിക്ക ചോദിക്കും:
“ഹിന്ദുപ്പിള്ളാരൊന്നും മാപ്പിളാരുടെ പൊരക്ക്ന്ന്
വെള്ളം കുടിക്കൂലാലോ?”
ഞാനും പറയും "ഇല്ല" എന്ന്.


അവസാനം ഞങ്ങൾ
ഗിത്സിന്റെ പുറത്ത് നിരന്നു നിൽക്കും.
വി.സി.പി കിരികിരിയെന്ന് ഓണാകുമ്പോൾ
ഒരു കോരിത്തരിപ്പു വരും,

സത്യമാണോ എന്ന്
പരസ്പരം നുള്ളിനോക്കും.


എന്നത്തേയും പോലെ 

നരച്ച സ്ക്രീനിലേയ്ക്ക്
തലേക്കെട്ട് കെട്ടിയ മമ്മൂട്ടി വരും,

ഒരേയൊരു സിനിമ തന്നെ എത്ര പ്രാവശ്യം കണ്ടുവെന്ന് 
ആരും ആരോടും പരാതി പറയില്ല

മീശ പിരിച്ച മമ്മൂട്ടി  
“കുട്ടികളെ തട്ടിക്കൊണ്ടുപോയി
വിലപേശുന്ന ഊച്ചാളി ബ്ലാക്ക്മെയിലറല്ല
ചന്തക്കാട് വിശ്വൻ”
എന്നു പറയുമ്പോൾ
ഞങ്ങൾ നിർത്താതെ കയ്യടിക്കും,
എത്ര പറഞ്ഞാലും ചിലർ 
ഒച്ചവെച്ചു പോകും.. 
അപ്പോൾ മൂസാനിക്കന്റോളോടിവന്ന്
“മഗ്രിബ് നിസ്കരിക്കാനായി”
എന്നും പറഞ്ഞ് കാഴ്ച കെടുത്തും. 


പിന്നേയും കുറേനേരം 

കാത്തു നിൽക്കും.. 
അവസാനം 
പ്രതീക്ഷ നശിച്ച് 
ഞങ്ങൾ അടുവാപ്പുറം വഴി
ചൂളിയാട് കുന്നു കയറി
എളുപ്പവഴിയിൽ
വീട്ടിലേയ്ക്കു തിരിച്ചുവരും.
അന്നേരം ആരും നുണ പറയില്ല,
വിശപ്പ് ഒന്നും അംഗീകരിക്കില്ല
എന്ന് മനസ്സിലാക്കും.


ഒടുവിൽ
വഴി പിരിയുമ്പോൾ

ഇരുട്ട് ഞങ്ങളെ വന്നു മൂടിയിട്ടുണ്ടാവും.. 

എങ്കിലും,
തേങ്ങകൾ ഇനിയും ബാക്കിയുണ്ട്
നാളേയും പോകണം
എന്ന പ്രതീക്ഷകൾ മാത്രം പങ്കുവെയ്ക്കും.

2013 ഏപ്രിൽ 1, തിങ്കളാഴ്‌ച

സിന്ധു കെ.വിയുടെ കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി എന്ന സമാഹാരത്തിലെ ബ്ലാക്ക്‌&വൈറ്റ് എന്ന കവിത വായിച്ചപ്പോൾ ഓർമ വന്നത്:

പ്രണയത്തിൻറെ വളരെ  വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു ജേക്കബും റസിയയും.  അവരുടെ ആളിക്കത്തുന്ന പ്രണയം ഏതു പേമാരിയിലാണ് കെട്ടുപോയതെന്നോ മരണം സ്വീകരിക്കുന്നതുവരെ അവർ ഏതു സ്വപ്ന ലോകത്തിലെ ദമ്പതിമാരായിരുന്നുവെന്നോ അന്ന് കാഴ്ചക്കാരായ ഞങ്ങൾ കുട്ടികൾക്ക് അറിയില്ലായിരുന്നു-

                                                "മടമ്പത്ത്  തോട്ടുങ്കരക്ക് രണ്ടാള് ചത്തിറ്റ്ണ്ട് പോലും.... "
ആൾക്കാർ അടക്കം പറഞ്ഞും കൂവിവിളിച്ചും ഓടുമ്പോൾ അന്ന് ഞങ്ങളും  കൂടെ ചേർന്നതായിരുന്നു... 

വല്ലാത്തൊരു കാഴ്ച്ചയായിരുന്നു അത്..മനസ്സിൻറെ പൊട്ടക്കിണറിൽ പ്രാന്തൻ കണ്ണൻ തള്ളിയിട്ട് നിലവിളിച്ച കാട്ടുകല്ലുപോലെ ആരും തോണ്ടിയെടുക്കാതെ അതങ്ങനെ കിടക്കുന്നുണ്ട്... ഇനിയും കല്ലിച്ചു നിൽക്കും യുഗങ്ങളോളം ആ കല്ല്..  

              ഞങ്ങൾ ഓടിയെത്തുമ്പോൾ തോട്ടിലെ മുട്ടോളം വെള്ളത്തിൽ അവർ പരസ്പരം  കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു..ശരീരത്തിൽ ചുറ്റിവെച്ചിരുന്ന ചെമ്പുകമ്പികൾ  പ്രണയമരത്തിലെ പരാദ സസ്യങ്ങലെപ്പോലെ പിണഞ്ഞു കിടന്നിരുന്നു..  ജേക്കബിൻറെ മുഖം റസിയയുടെ നെഞ്ചിൽ ഒട്ടിക്കിടന്ന്..റസിയ അവനെ ആവോളം ചേർത്തു പിടിച്ച്  പ്രണയത്തിൻറെ പ്രതിമ നിലത്തു വീഴാതെ  അങ്ങനെ നിന്നിരുന്നു... കണ്ണുകൾ തുറിച്ച്... കത്തിക്കരുവാളിച്ച്.. ഓഹ്...  

ഇലക്ട്രീഷ്യൻ ജേക്കബും കഞ്ഞിവെപ്പുകാരി റസിയയും ഒരു പാഠമായി ഇന്നും മനസ്സിലുണ്ട്...ഒരു വൈദ്യുതി പ്രവാഹത്തിന്റെ ഹൈ വോൾടേജ് ഉന്മാദമൂർച്ചയിൽ ജീവിക്കാൻ തുടങ്ങിയ   അവരുടെ ആത്മാക്കൾക്ക് തീർച്ചയായും ഗതി കിട്ടിയിട്ടുണ്ടാവും.. ജാതി വ്യവസ്ഥയില്ലാത്ത ഒരു ലോകത്ത് അവർ അർമാദിച്ചു ജീവിക്കുന്നുണ്ടാവും..