2013 ജൂലൈ 26, വെള്ളിയാഴ്‌ച

ഉറക്കം ഒരു പ്രതിരോധമാർഗ്ഗമാണ്.

ഈ വീട്ടിൽ
ഉറക്കം അസാദ്ധ്യമാണ്.

വീടിനെ ചിലപ്പോൾ
ഒരു ശ്മശാനം എന്ന് എഴുതേണ്ടി വരും.
മരിച്ചവരുടെ ദ്വീപ്‌
എന്ന് വായിക്കേണ്ടി വരും.

ചിലപ്പോൾ
യുദ്ധം എന്നു വരച്ച്
സമാധാനം എന്ന് മായ്ച്ചു കളയേണ്ടി വരും.

ഓരോ മുറികളേയും 
സംബന്ധിച്ചിടത്തോളം 
ശീതസമരം കൊടുമ്പിരി 
കൊള്ളുന്ന ശത്രു രാജ്യങ്ങളിൽ 
ഒന്നാണ് എൻറെ മുറി.
എനിക്ക് മറ്റു മുറികൾ എന്നപോലെ..

ഓരോ മുറികളും 
പരസ്പരാക്രമണത്തിനുള്ള
വിദൂര സാധ്യതകൾ പോലും 
മണത്തറിഞ്ഞ്
ആയുധങ്ങൾ സ്വരുക്കൂട്ടുവാനുള്ള 
അയൽ രാജ്യത്തിൻറെ
അതീവ ജാഗ്രതകളാണ്.

ഇപ്പോൾ യുദ്ധത്തിനു തൊട്ടുമുമ്പുള്ള
സമാധാനമാണ്.
-ചിലപ്പോൾ യുദ്ധം പോലെ
കൊടുമ്പിരികൊള്ളുന്ന സമാധാനം-

ഏവരും പ്രതീക്ഷിക്കുന്നതും 
വിഭജന സാധ്യതകളുടെ 
വാതിലുകൾ തുറക്കുന്ന 
ഒരു നാലാം ലോക മഹായുദ്ധമാണ്.

യുദ്ധാനന്തരം  
ഓരോ മുറികളും
വിഭജിച്ചു കഴിഞ്ഞാൽ
-മുറികൾ മുറിവുകളാണ് എന്നിരിക്കേ..
ആഴത്തിലുള്ള ഒരു മുറിവുപോലെ-
പിതൃക്കളുടെ അഭയകേന്ദ്രത്തിനരിൽ
ഒറ്റയ്ക്കൊരു മുറി ബാക്കിയാവും.

വീട്, എന്ന രാജ്യത്തിൻറെ അവസാനത്തെ
സ്മാരകം പോലെ..

അന്ന് എനിക്കൊന്ന് 
മന:സമാധാനമായി ഉറങ്ങണം.














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ