ശ്മശാനപ്പറമ്പിലൂടെ
ഒന്നരയടി വീതിയിൽ
നീട്ടിവിരിച്ച ഒരു നാട്ടുവഴിയിലൂടെ
സെക്കൻഡ് ഷോ
കഴിഞ്ഞു വരുന്ന ആണത്തം
വീട്ടിലേക്കു നടന്നു
നിലാവിൽ
കാതോർത്തിരുന്നാൽ
ആത്മാക്കളുടെ
കാൽപ്പെരുമാറ്റം കേൾക്കാം
ഇന്നലെ ദഹിപ്പിച്ച
അജ്ഞാതന്റെ ചിത
ഇനിയും കെട്ടടങ്ങിയിട്ടില്ല
പാട്ടുപാടുന്ന
പ്രാന്തൻ കണ്ണേട്ടനെ കടന്നുപോയപ്പോൾ
ഏതോ അപരചിത രാഗത്തിൽ
ഒരു വിരഹ ഗാനത്തിൻറെ
നേർത്ത വരികൾ കേട്ടുവോ?
ക്യാൻസർ കൊണ്ടുപോയ
ഒറ്റമുലയുള്ള കല്ല്യാണിയേച്ചി,
കാട്ടു ചെമ്പകത്തിൽ തൂങ്ങിയാടി
ദിവസങ്ങളോളം കാക്കകൾക്ക്-
ഭക്ഷണമായ പപ്പേട്ടൻ
വെള്ളത്തിൽ വീണു മരിച്ച സതീശൻ...
പലരെയും കടന്നുപോയിട്ടും
ആണത്തം തെല്ലും
തലതാഴ്ത്താതെ ആണായി നടന്നു..
യക്ഷിക്കഥ
വീണ്ടും വീണ്ടും മനസ്സിലേക്ക് വരുന്നുണ്ട്
ചുമ്പനത്തിലൂടെ
മരണത്തിലേക്ക് യാത്ര ചെയ്ത
നായകൻറെ ജന്മസാഫല്ല്യം
ചിന്തനീയം തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ