2013 മേയ് 14, ചൊവ്വാഴ്ച

ടെക്സാസിലെ പൊട്ടക്കിണർ/
സംപ്തൃപ്തി എന്ന് വായിക്കപ്പെടുന്ന ഒരു പുഞ്ചിരി.

കുരിശുകുന്നേൽ വക്കച്ചൻ
ഇപ്പോൾ ടെക്സാസിലാണ്.
നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇന്ന് വരും നാളെയെത്തും,
എത്തിക്കൊണ്ടിരിക്കുന്നു;എത്തി
എന്ന്പരിവാരങ്ങളും
കൂട്ടുകാരുംകാത്തിരിക്കുന്നത്
അഞ്ചെട്ടു വർഷത്തെ അസാന്നിദ്ധ്യത്തെയാണ്‌.......
***

ഓക്കാനം വരുന്ന ഗൃഹാതുരതയോ
കടുത്ത നിരാശയോ
ആഴത്തിലുള്ള മുറിവുകൾ
ഉള്ളിൽ പഴുത്തുനീറുന്ന ഏകാന്തതയോ
അയാളെ വേട്ടയാടുവാൻ യാതൊരു സാദ്ധ്യതയുമില്ല.

വക്കച്ചൻ ഇപ്പോൾ ടെക്സാസിലാണ്.

കൊച്ചുമക്കൾ ഉച്ചത്തിൽ ടീ.വി വെച്ചോ
കമ്പ്യൂട്ടറിൽ പക്ഷികളെ വെടിവെച്ചിട്ടോ
അയാളെ അലോസരപ്പെടുത്താറില്ല.
ഗ്രാൻപ എന്നു തൊടാതെ പോകുമ്പോൾ
'യ യ' എന്ന ഒരു സുഖം..
'യാ യാ' എന്നു പശുക്കളെ തെളിച്ചു-
പാടത്തേക്കു നടന്ന ഓർമകളൊന്നും ശല്യപ്പെടുത്താറേയില്ല.

നാടെന്നോ കുടുംബമെന്നോ
അന്നക്കുട്ടിയുടെ ഓർമകളെന്നോ നാട്ടാരെന്നോ
ഒരിക്കലും ചിന്തിക്കാത്ത വിധം
അപ്പച്ചൻ മാറിപ്പോയതിൽ അയാൾ ഇടയ്ക്കിടെ-
ഗോൾഫു ക്ലബ്ബിൽ പോകുന്നതിൽ എന്നതുപോലെ
തൊമ്മിച്ചൻ സന്തുഷ്ടനായിരുന്നുവല്ലോ..
കുടുംബ ഡോക്ടർ സിറിയക് സാമുവൽ
ഒരു പുഞ്ചിരി കൊണ്ട് മാത്രം
എത്ര രോഗങ്ങൾക്കാണ്
മരുന്ന് കുറിക്കുന്നത്!


അപ്പച്ചനില്ലാതെ തൊമ്മിച്ചനെന്താഘോഷം,
ആൻസിമോൾ പുറത്തിറങ്ങുമോ;
ഗ്രാൻപ ഇല്ലാതെ പിള്ളേർക്കെന്ത് ഔട്ടിംഗ്..


വൈകുന്നേരങ്ങളിൽ
കരോൾടണ്‍/,ഹോസ്ടണ്‍,ഓസ്റ്റിൻ
എങ്ങോട്ടെങ്കിലും ഒരു അലസ സഞ്ചാരം,
വീക്കെനറുകളിൽ എൽ-പാസോ ഗാൽവെസ്ടോൻ
എവിടെയെങ്കിലും  ഒരു നിർബന്ധിത ടൂർ..


ഓർമകളെന്നു കരയുന്ന വിരസ സന്ധ്യകളോട്
തൊമ്മിച്ചനിപ്പോൾ വല്ലാത്തൊരു കലിപ്പാണ്‌
ഓർമകളെ ഓർമിച്ചെടുക്കാൻ ശ്രമിക്കുമ്പോഴേക്കും
തുല്ല്യ സന്തുഷ്ടൻ കാര്യംപറമ്പിൽ ദേവസ്യ വരും
കാർഡ്സ് കളി തുടങ്ങും
കൊഞ്ഞ്യാക്കിലേക്ക് ആലിപ്പഴം ചേർക്കും..
'ടെക്സാസ് സെക്സ് ഒഫന്റേർസ് സിപ്പ് കോഡ്'
എന്ന എഴുതിത്തുടങ്ങിയ നോവലിനെ
കുറിച്ചു സംസാരിക്കാൻ
ഗ്രിഗറി എന്ന സായിപ്പു വരും
അനുഭവങ്ങൾക്ക് വേണ്ടി
ഹോട്ടൽ ഹിൽടനിൽ
ഒരു മൂന്നു ദിവസം ബുക്ക് ചെയ്യാം
എന്ന് ഉറപ്പുകൊടുക്കും..

പന്നിമലർത്തി വാറ്റുകുടിച്ചുറങ്ങുമ്പോൾ
ഓർമകൾ അടുത്തുവരാൻ മടിക്കും...



എങ്കിലും ഇടയ്ക്കിടെയുള്ള
സ്വപ്നസഞ്ചാരം -സോംനാമ്പുലിസം-...
ഒരു രസം മാത്രമാണ്..
ഉറക്കത്തിൽ തലയിണ കെട്ടിപ്പിടിച്ചു
ചുമരുകളിൽ അള്ളിപ്പിടിച്ച് കുന്നുകയറുക...
കാർപ്പെറ്റിൽ പുഴ വരച്ചു നീന്തിക്കടക്കുക,
എന്നോ ഒരു ദിവസം അതിരാവിലെ
പൊട്ടക്കിണറിൽ വീണ് പെട്ടന്നങ്ങു ചത്തുപോയ
അന്നക്കുട്ടിയെ കളിയാക്കി-
ചിരിച്ചുചിരിച്ചു ലിഫ്റ്റിൽ കയറി
ആകാശത്തിലേക്ക് പോവുക.
ടെറസ്സിൽ, ഭൂമിയുടെ അറ്റത്തുചെന്ന് ഒറ്റയ്ക്കിരിക്കുക...
താഴെ ക്രീക്ക്സ്ട്രീറ്റിലെ പൊട്ടക്കിണറിലേക്ക് നോക്കി
പള്ളിപ്പാട്ട് പാടുക...
അങ്ങനെ ചിലതുമാത്രം.


ട്രീറ്റ്മെന്റൊന്നും വേണ്ടെന്നു 
ഫേമിലി ഡോക്ടർ പലവട്ടം പറഞ്ഞതാണ്.
എങ്കിലും അപ്പനല്ലേ, അവരുടെ സന്തോഷമല്ലേ വലുത്
***

കുടുംബവും കൂട്ടുകാരും
ആവേശത്തോടെ പറഞ്ഞു എത്തി,
വക്കച്ചൻ നാട്ടിലെത്തി..


നിമിഷങ്ങൾക്കകം
കുരിശുകുന്നേൽ തറവാട്ടു മുറ്റത്തെ
ആരവങ്ങൾക്കു നടുവിലേക്ക്
ഒരു ആംബുലൻസ് വന്നേക്കാം ..
അതിൽ ചിലപ്പോൾ  ഫ്രീസറിൽ കിടന്ന്
ആഴ്ചകളോളം മരവിച്ച ഒരു പുഞ്ചിരിയായിരിക്കാം ..
ടെക്സാസിലെ  പൊട്ടക്കിണറിൽ വീണ് മരിച്ച
അറുപതു കാരൻറെ
ഒരിക്കലും മായാത്ത സംതൃപ്തി പോലെ...





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ