2013 മേയ് 23, വ്യാഴാഴ്‌ച

ഒരപേക്ഷയുണ്ട്
ഇത് കവിതയാണെന്ന് തെറ്റിദ്ധരിക്കരുത്.

മുമ്പെന്നോ സംഭവിച്ചുപോയ
ഒരു സാധനം ഒന്നുകൂടി
തിരുത്തുകയാണ്.

പർദ്ദയിട്ട ഒരു കവിത
നിലാവുള്ള രാത്രി
ഏകാന്തതയുടെ
ഒറ്റയടിപ്പാതയിൽ
എന്നെ കബളിപ്പിച്ച്
അതിലേറെ മോഹിപ്പിച്ച്
പിടിതരാതെ നടക്കാൻ തുടങ്ങിയിട്ട്
സമയമേറെയായി.

നഗ്നകവിതകളിലെ
നഗ്ന സൗന്ദര്യം
ആവോളം ആസ്വദിച്ചിട്ടുണ്ട്
ഓർത്തോർത്തു സ്വയംഭോ..
(അതുവേണ്ട അല്ലേ, കവിതയിൽ അശ്ലീലം നിരോധിക്കുന്നു എന്നു കേട്ടിട്ടുണ്ട്. ഓ! ശരിയാ ഇത് കവിതയല്ലെന്ന് മുൻ‌കൂർ ജാമ്യമെടുത്തിട്ടുണ്ടല്ലോ)

പർദ്ദയിട്ട കവിത
വൃത്തത്തിലോടിയും
കഠിന വാക്കുകളിൽ കലമ്പിയും
ഓരോ കുന്നിറക്കങ്ങളിലും
മല കയറ്റങ്ങളിലും
എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

പീഡനകാലമാണ്
ഉപേക്ഷിക്കണമോ,പിൻതുടരണമോ
എന്ന് വർണ്യത്തിലാശങ്ക.

ഉപേക്ഷിച്ചാൽ നാണക്കേടാണ്
ഇഴപിരിച്ചു നോക്കണം
നിതംബം അളന്നെടുക്കണം
അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തണം
കവിത എന്ന് പുറത്തു കാണുന്ന
കണ്ണുകളിൽ മുത്തമിടണം.

പക്ഷേ,
പിടിതരാതെ എന്തുചെയ്യും?

ആൾപ്പെരുമാറ്റമില്ലാത്ത
ഇടവഴിയാണ്.
ഓടിച്ചിട്ടു പിടിക്കുക തന്നെ.
സ്വന്തം പേരിൽ ഒരു പെണ്ണുകേസ്
തറവാട്ടിൽ ആനയുള്ളതുപോലെ
ഒരു അഭിമാനമാണ്..

പിടിച്ചു...
വെറും മണ്ണിൽ മലർത്തിക്കിടത്തി
ഉടുപുടവകൾ ഓരോന്നായി
അഴിച്ചുമാറ്റി.

ഒരു നിമിഷം ഞെട്ടിപ്പോയി:
ഇതു കവിതയല്ല
പെണ്ണു പോലുമല്ല

അക്കരമ്മലെ കുമാരേട്ടൻ
അയലത്തെ കദീസുമ്മാൻറെ
പർദ്ദ മോഷ്ടിച്ച് കള്ളവെട്ടിന്‌ ഇറങ്ങിയതാണ്.
****

കവിതയല്ലാത്തതു കൊണ്ട് ഇതിനൊരു തലക്കെട്ട് കൊടുത്തില്ല അപ്പോൾ ഒരു വാൽക്കെട്ട് ആവട്ടെ

വാൽക്കെട്ട്: പർദ്ദയിട്ട കവിത


2013 മേയ് 19, ഞായറാഴ്‌ച


ശ്മശാനപ്പറമ്പിലൂടെ
ഒന്നരയടി വീതിയിൽ
നീട്ടിവിരിച്ച ഒരു നാട്ടുവഴിയിലൂടെ
സെക്കൻഡ് ഷോ
കഴിഞ്ഞു വരുന്ന ആണത്തം
വീട്ടിലേക്കു നടന്നു


നിലാവിൽ
കാതോർത്തിരുന്നാൽ
ആത്മാക്കളുടെ   
കാൽപ്പെരുമാറ്റം കേൾക്കാം

ഇന്നലെ ദഹിപ്പിച്ച
അജ്ഞാതന്റെ ചിത
ഇനിയും കെട്ടടങ്ങിയിട്ടില്ല

പാട്ടുപാടുന്ന
പ്രാന്തൻ കണ്ണേട്ടനെ കടന്നുപോയപ്പോൾ
ഏതോ അപരചിത രാഗത്തിൽ
ഒരു വിരഹ ഗാനത്തിൻറെ
നേർത്ത വരികൾ കേട്ടുവോ?


ക്യാൻസർ കൊണ്ടുപോയ
ഒറ്റമുലയുള്ള കല്ല്യാണിയേച്ചി,
കാട്ടു ചെമ്പകത്തിൽ തൂങ്ങിയാടി
ദിവസങ്ങളോളം കാക്കകൾക്ക്-
ഭക്ഷണമായ പപ്പേട്ടൻ
വെള്ളത്തിൽ വീണു മരിച്ച സതീശൻ...
പലരെയും കടന്നുപോയിട്ടും
ആണത്തം തെല്ലും
തലതാഴ്ത്താതെ ആണായി നടന്നു..

യക്ഷിക്കഥ
വീണ്ടും വീണ്ടും മനസ്സിലേക്ക് വരുന്നുണ്ട്
ചുമ്പനത്തിലൂടെ

മരണത്തിലേക്ക് യാത്ര ചെയ്ത
നായകൻറെ ജന്മസാഫല്ല്യം
ചിന്തനീയം തന്നെ.











2013 മേയ് 16, വ്യാഴാഴ്‌ച

ചില വീടുകൾ നിലവിളിക്കാറുണ്ട്


നിലയ്ക്കാത്ത
നിലവിളികൾ കേൾക്കുന്ന
ഒരു അയൽ വീട്ടിലേക്ക് 
ഒരിക്കലും ഓടിച്ചെല്ലരുത്.


ചില വീടുകൾ
നിലവിളികളുടെ മ്യൂസിയമാണ്
ഓടിച്ചെന്നാൽ കാണുന്നതോ
സർവ്വ സാധാരണമായിരിക്കാം

ഒരു പന്ത്രണ്ടു കാരിയുടെ
നിറവയർ തൂങ്ങിയാടുന്നത്.

കുറ്റബോധം എന്ന് പേരുള്ള
ഒരച്ഛൻ വളപ്പൊട്ടുകൾ
ചേർത്തുവെച്ച്  മരുഭൂമിയിലേക്ക്
കടൽപ്പാലം പണിയുന്നത്..

മൂകസാക്ഷ്യം
അമ്മയുടെ രൂപത്തിൽ
മുടിപറച്ചിട്ട്  കുനിഞ്ഞിരുന്ന്
മൗനം തപ്പിയെടുത്ത്
പെരുവിരൽ നഖങ്ങൾക്കിടയിൽ
പൊട്ടിച്ചു കളയുന്നത്..

പേടിച്ചരണ്ട വിശപ്പ്
ഒരു കൊച്ചനിയൻ
നിലത്തു പരന്നുകിടക്കുന്ന ചോരയിൽ
ചെറുവിരൽമുക്കി
ചുമരിൽ വരച്ചുതുടങ്ങിയ  മുന്തിരിക്കുല.

എന്തോ അത്യാഹിതം
പ്രതീക്ഷിച്ചു ഓടിയെത്തുന്ന ഒരാൾ
സർവ്വം ശാന്തമാണ് എന്ന്
തീർച്ചയായും നിരാശപ്പെടേണ്ടിവരും

നിലവിളിച്ചത് ആരാണെന്നു
സംശയിക്കേണ്ടി വരും..









2013 മേയ് 15, ബുധനാഴ്‌ച

രാജേഷേട്ടാ
നെഞ്ചിനു ചവിട്ടരുത്
ഓപ്പറേഷൻ കഴിഞ്ഞതാണ്
ഇനി ഞാൻ തീർച്ചയായും  വരാം,വരാം...

പ്രിയേഷേ
വേണ്ടെടാ നിന്റെ
കൂടെ ബൈക്കീന്ന് വീണപ്പോൾ
കമ്പിയിട്ട കാലാണിത്. അടിക്കരുത്, അടിക്കരുത്

സലാമിക്കാ
ഇനി ഞാൻ വരാം, വരാം
കഴിഞ്ഞ പിക്കറ്റിംഗിനു അമ്മയേംകൊണ്ട്
ആർസിസിയിൽ ആയിരുന്നില്ലേ..
കഴുത്തീന്നു വിട്..

മാഷേ
സമയം കിട്ടാഞ്ഞിട്ടാണ്
പെങ്ങളെയും കൊണ്ട്



2013 മേയ് 14, ചൊവ്വാഴ്ച

ടെക്സാസിലെ പൊട്ടക്കിണർ/
സംപ്തൃപ്തി എന്ന് വായിക്കപ്പെടുന്ന ഒരു പുഞ്ചിരി.

കുരിശുകുന്നേൽ വക്കച്ചൻ
ഇപ്പോൾ ടെക്സാസിലാണ്.
നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇന്ന് വരും നാളെയെത്തും,
എത്തിക്കൊണ്ടിരിക്കുന്നു;എത്തി
എന്ന്പരിവാരങ്ങളും
കൂട്ടുകാരുംകാത്തിരിക്കുന്നത്
അഞ്ചെട്ടു വർഷത്തെ അസാന്നിദ്ധ്യത്തെയാണ്‌.......
***

ഓക്കാനം വരുന്ന ഗൃഹാതുരതയോ
കടുത്ത നിരാശയോ
ആഴത്തിലുള്ള മുറിവുകൾ
ഉള്ളിൽ പഴുത്തുനീറുന്ന ഏകാന്തതയോ
അയാളെ വേട്ടയാടുവാൻ യാതൊരു സാദ്ധ്യതയുമില്ല.

വക്കച്ചൻ ഇപ്പോൾ ടെക്സാസിലാണ്.

കൊച്ചുമക്കൾ ഉച്ചത്തിൽ ടീ.വി വെച്ചോ
കമ്പ്യൂട്ടറിൽ പക്ഷികളെ വെടിവെച്ചിട്ടോ
അയാളെ അലോസരപ്പെടുത്താറില്ല.
ഗ്രാൻപ എന്നു തൊടാതെ പോകുമ്പോൾ
'യ യ' എന്ന ഒരു സുഖം..
'യാ യാ' എന്നു പശുക്കളെ തെളിച്ചു-
പാടത്തേക്കു നടന്ന ഓർമകളൊന്നും ശല്യപ്പെടുത്താറേയില്ല.

നാടെന്നോ കുടുംബമെന്നോ
അന്നക്കുട്ടിയുടെ ഓർമകളെന്നോ നാട്ടാരെന്നോ
ഒരിക്കലും ചിന്തിക്കാത്ത വിധം
അപ്പച്ചൻ മാറിപ്പോയതിൽ അയാൾ ഇടയ്ക്കിടെ-
ഗോൾഫു ക്ലബ്ബിൽ പോകുന്നതിൽ എന്നതുപോലെ
തൊമ്മിച്ചൻ സന്തുഷ്ടനായിരുന്നുവല്ലോ..
കുടുംബ ഡോക്ടർ സിറിയക് സാമുവൽ
ഒരു പുഞ്ചിരി കൊണ്ട് മാത്രം
എത്ര രോഗങ്ങൾക്കാണ്
മരുന്ന് കുറിക്കുന്നത്!


അപ്പച്ചനില്ലാതെ തൊമ്മിച്ചനെന്താഘോഷം,
ആൻസിമോൾ പുറത്തിറങ്ങുമോ;
ഗ്രാൻപ ഇല്ലാതെ പിള്ളേർക്കെന്ത് ഔട്ടിംഗ്..


വൈകുന്നേരങ്ങളിൽ
കരോൾടണ്‍/,ഹോസ്ടണ്‍,ഓസ്റ്റിൻ
എങ്ങോട്ടെങ്കിലും ഒരു അലസ സഞ്ചാരം,
വീക്കെനറുകളിൽ എൽ-പാസോ ഗാൽവെസ്ടോൻ
എവിടെയെങ്കിലും  ഒരു നിർബന്ധിത ടൂർ..


ഓർമകളെന്നു കരയുന്ന വിരസ സന്ധ്യകളോട്
തൊമ്മിച്ചനിപ്പോൾ വല്ലാത്തൊരു കലിപ്പാണ്‌
ഓർമകളെ ഓർമിച്ചെടുക്കാൻ ശ്രമിക്കുമ്പോഴേക്കും
തുല്ല്യ സന്തുഷ്ടൻ കാര്യംപറമ്പിൽ ദേവസ്യ വരും
കാർഡ്സ് കളി തുടങ്ങും
കൊഞ്ഞ്യാക്കിലേക്ക് ആലിപ്പഴം ചേർക്കും..
'ടെക്സാസ് സെക്സ് ഒഫന്റേർസ് സിപ്പ് കോഡ്'
എന്ന എഴുതിത്തുടങ്ങിയ നോവലിനെ
കുറിച്ചു സംസാരിക്കാൻ
ഗ്രിഗറി എന്ന സായിപ്പു വരും
അനുഭവങ്ങൾക്ക് വേണ്ടി
ഹോട്ടൽ ഹിൽടനിൽ
ഒരു മൂന്നു ദിവസം ബുക്ക് ചെയ്യാം
എന്ന് ഉറപ്പുകൊടുക്കും..

പന്നിമലർത്തി വാറ്റുകുടിച്ചുറങ്ങുമ്പോൾ
ഓർമകൾ അടുത്തുവരാൻ മടിക്കും...



എങ്കിലും ഇടയ്ക്കിടെയുള്ള
സ്വപ്നസഞ്ചാരം -സോംനാമ്പുലിസം-...
ഒരു രസം മാത്രമാണ്..
ഉറക്കത്തിൽ തലയിണ കെട്ടിപ്പിടിച്ചു
ചുമരുകളിൽ അള്ളിപ്പിടിച്ച് കുന്നുകയറുക...
കാർപ്പെറ്റിൽ പുഴ വരച്ചു നീന്തിക്കടക്കുക,
എന്നോ ഒരു ദിവസം അതിരാവിലെ
പൊട്ടക്കിണറിൽ വീണ് പെട്ടന്നങ്ങു ചത്തുപോയ
അന്നക്കുട്ടിയെ കളിയാക്കി-
ചിരിച്ചുചിരിച്ചു ലിഫ്റ്റിൽ കയറി
ആകാശത്തിലേക്ക് പോവുക.
ടെറസ്സിൽ, ഭൂമിയുടെ അറ്റത്തുചെന്ന് ഒറ്റയ്ക്കിരിക്കുക...
താഴെ ക്രീക്ക്സ്ട്രീറ്റിലെ പൊട്ടക്കിണറിലേക്ക് നോക്കി
പള്ളിപ്പാട്ട് പാടുക...
അങ്ങനെ ചിലതുമാത്രം.


ട്രീറ്റ്മെന്റൊന്നും വേണ്ടെന്നു 
ഫേമിലി ഡോക്ടർ പലവട്ടം പറഞ്ഞതാണ്.
എങ്കിലും അപ്പനല്ലേ, അവരുടെ സന്തോഷമല്ലേ വലുത്
***

കുടുംബവും കൂട്ടുകാരും
ആവേശത്തോടെ പറഞ്ഞു എത്തി,
വക്കച്ചൻ നാട്ടിലെത്തി..


നിമിഷങ്ങൾക്കകം
കുരിശുകുന്നേൽ തറവാട്ടു മുറ്റത്തെ
ആരവങ്ങൾക്കു നടുവിലേക്ക്
ഒരു ആംബുലൻസ് വന്നേക്കാം ..
അതിൽ ചിലപ്പോൾ  ഫ്രീസറിൽ കിടന്ന്
ആഴ്ചകളോളം മരവിച്ച ഒരു പുഞ്ചിരിയായിരിക്കാം ..
ടെക്സാസിലെ  പൊട്ടക്കിണറിൽ വീണ് മരിച്ച
അറുപതു കാരൻറെ
ഒരിക്കലും മായാത്ത സംതൃപ്തി പോലെ...





2013 മേയ് 13, തിങ്കളാഴ്‌ച

മുട്ടായിക്കച്ചോടം

ഓണത്തിനു
പത്തീസം
ഉസ്ക്കോള് പൂട്ടീറ്റാമ്പം
നമ്മക്കൊരു
മുട്ടായിപ്പീഡ്യ
തൊടങ്ങണം...

ബരയൻ കുംബ്ലങ്ങ
കോയൻസുമുട്ടായി
ഒയലിച്ച
തേനുണ്ട
റമ്പറു മുട്ടായി
പുളിയച്ചാറ്
തൊണ്ടക്കൊരല്
കാറ്റുമുട്ടായി...

ഉയ്യൻറമ്മോ..
ഇത്രപ്പാട്‌ മുട്ടായി
നമ്മളെങ്ങനെയാ
ത്ന്നു തീർക്ക്വാ!