2013 മാർച്ച് 29, വെള്ളിയാഴ്‌ച


തീർച്ചയായും അത് ഞാനായിരിക്കും. 

പ്ലാറ്റ്ഫോർമിന്റെ 
തെക്കേ മൂലയിൽ 
വെയ്സ്റ്റുബോക്സിനടുത്ത് 
ഒരു മുഷിഞ്ഞ മുഖം.. 
'ഭ്രാന്തൻ-28 അറിയപ്പെടാത്തവൻ'
എന്ന ബാഡ്ജ് തൂക്കിയ
ഉടലിൽ ഹോളികഴിഞ്ഞ 
നഗരത്തിൻറെ നിറഭേദങ്ങൾ  
പ്രതീക്ഷകളിൽ.. 
വിലക്കപ്പെട്ട ഒരു ആപ്പിൾ കഷണം
അമ്മച്ചമ്മന്തി മടുത്ത ചോറ്റുപൊതി  
ചപ്പാത്തി എന്ന രാജ്യത്ത് 
പ്രളയശേഷം ബാക്കിയാവുന്ന 
ആകൃതിയില്ലാത്ത സംസ്ഥാനം..  
***

ഞാൻ 
ഉന്നതനായ കാഴ്ചക്കാരന്റെ
റേയ്മണ്ട്സ് പാർട്ടിവെയറിൽ 
പൊതിഞ്ഞ വിരസമായകാത്തിരിപ്പ്‌,
അതേ വയസ്സ്. 
എണ്ണമില്ലാത്ത 
തിരിച്ചറിയൽ കാർഡുകളുടെ 
സൂക്ഷിപ്പുകാരൻ. 

ഏതോ നരകത്തിൽ നിന്നും 
ഓടിത്തളർന്ന വണ്ടി വരുന്നു 
ഛർദ്ദിക്കുന്നു, 
വിശ്രമിക്കുന്നു, 
അത്യാർത്തിയോടെ 
ഭക്ഷണം കഴിക്കുന്നു 
വീണ്ടും പുറപ്പെടുന്നു 
പ്രണയം തനിച്ചാവുന്നു 
കാമം വഴിപിരിയുന്നു 
കുട്ടികൾ അനാഥരാവുന്നു 
മടുപ്പ് ഒരു ഉടുപ്പാകുന്നു.. 

ഏയ്‌ ഭ്രാന്താ, 
എന്റെവണ്ടി ഇനിയും
മണിക്കൂറുകളോളം വൈകുമത്രേ.. 
സമയം കൊല്ലാൻ വഴികളൊന്നുമില്ല 

അൽപ്പനേരം നമുക്ക് 
പരസ്പരം മാറിയാലോ?
'ഞാൻ നീയാകുന്നു'  'നീ ഞാനാകുന്നു' 
അങ്ങനെ ഒരു പരകായപ്രവേശം. 
***

എത്രപെട്ടന്നാണ്‌ ഞാനയാളായത്!

പുതിയ കാഴ്ചകളിൽ 
ഏഴാം  സ്വർഗ്ഗത്തിൽ നിന്നും 
ഒരു വണ്ടിവരുന്നു, നിർത്തുന്നു 
പല വർണങ്ങളിലുള്ള പൂക്കൾ വിതറുന്നു 
കാമം പുഷ്പക വിമാനത്തിലേറുന്നു 
പുഷ്പോത്സവം നടക്കുന്നു 
പ്രണയിനികൾ കൂടിച്ചേരുന്നു 
കുട്ടികളുടെ അച്ഛൻ വരുന്നു 
അമ്മ സ്വീകരിക്കുന്നു.... 
പ്രതീക്ഷകളുടെ വണ്ടി 
കൈകൾ വീശിവീശി 
വെളിച്ചത്തിലേക്ക് പാഞ്ഞുപോകുന്നു... 
***

ഇപ്പോൾ 
മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ 
ഒരലർച്ചയും 
നിലവിളിയും കേൾക്കുന്നില്ലേ?
അത് മടുപ്പ് കാമം പോലെ 
അസഹ്യമായ അത്യുന്നതനായ 
ഭ്രാന്തന്റെ നിസ്സഹായതയാണ്... 

കുപ്പത്തൊട്ടിക്കരികിൽ 
ഒരാളിരുന്ന് മുറിബീഡി 
വലിക്കുന്നത് കണ്ടോ? 
ഞാനാണത്.. 
എത്ര ആസ്വാദ്യകരമായ പുക!

ഉടൻതന്നെ  നമുക്കിടയിലൂടെ 
തീർത്തും നിശ്ശബ്ദനായ 
ഒരു രാത്രിവണ്ടി നിർത്താതെ 
പാഞ്ഞു പോകും... 
എല്ലുകൾ പൊടിയുന്ന ശബ്ദം മാത്രം
ഇടിമുഴക്കം പോലെ കേൾക്കും
ഒരാൾ തീർന്നുപോകും.. 

തീർച്ചയായും അത് ഞാനായിരിക്കും. 











2013 മാർച്ച് 28, വ്യാഴാഴ്‌ച

തീവണ്ടി കയറിപ്പോകുന്ന കുണ്ടി


കുണ്ടിയെ കുറിച്ച് 
കവിതയെഴുതിയാൽ 
പോലീസ് പിടിക്കുമോ?

അതും പോട്ടെ 
ഒരു പരനാറി കവിതയെഴുതിയ 
സാധനമാണെന്ന് പറഞ്ഞ് 
ഏതെങ്കിലും പോലീസ് 
കുണ്ടിപിടിക്കാതിരിക്കുമോ?


തീവണ്ടി കയറിപ്പോകുന്ന കുണ്ടി
എന്നെപ്പറഞ്ഞിട്ടെന്താ കാര്യം 
കൊങ്കണ്‍ റെയിൽവേ വഴി 
പോകുമ്പോൾ 
എനിക്കങ്ങനെയാണ് തോന്നിയത്..