2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

എടാ നിന്‍റെ 'അത്' ഒന്നു കാണിച്ചുതരുമോ?

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പെണ്‍കുട്ടി, അതായത് ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ ''എടാ നിന്‍റെ 'അത്' ഒന്നു കാണിച്ചുതരുമോ'' എന്നു ചോദിച്ചിരുന്നു.



ചരിത്രപരമായ ഒരു മുറിവിന്‍റെ  ഒരിക്കലും ഉണങ്ങാത്ത ഓര്‍മ്മകളില്‍ അവള്‍  ജീവിച്ചിരിക്കുന്നു. ഗിരിജ എന്ന പെണ്‍കുട്ടി.

അന്നെന്‍റെ സുന്നത്ത്കല്ല്യാണമായിരുന്നു.

അത്ര വിദൂരമായ ഓരോര്‍മ്മയിലേക്ക്
പൊടുന്നനെ ഓടിയെത്താന്‍ 
വലതുതുടയില്‍ ആഞ്ഞുപതിഞ്ഞ 
വീതിയേറിയ ഒരു കൈത്തലം 
മാത്രം ഓര്‍ത്തെടുത്താല്‍ മതി.
മുറിവിന്‍റെ നീറ്റലില്‍ നിന്നും ശ്രദ്ധമാറ്റാന്‍ 
വല്ല്യമ്മാവനാണ് ആ പുണ്യകര്‍മ്മം 
ഏറ്റെടുത്തിരുന്നത്.


കുളിച്ചൊരുങ്ങി 
വെള്ളമുണ്ടുടുത്ത് ഞാന്‍
അവര്‍  അയാളെ
കാത്തിരിക്കുകയാണ്.
ആലിക്കുട്ടി എന്ന ഒസ്സാനിക്കയെ.

അക്ഷമയുടെ കൊലക്കയര്‍
ആരാച്ചാരെ എന്നപോലെ.


വീട്ടില്‍ വളരെക്കുറച്ച് അതിഥികളുണ്ട്.
കൊയലപ്പമോ, ഉണ്ണിയപ്പമോ കഴിച്ചുകൊണ്ട് മുതിര്‍ന്നവര്‍ ചായകുടിക്കുകയോ ലോക കാര്യങ്ങള്‍ സംസാരിക്കുകയോ ചെയ്തുകൊണ്ടിരുന്നു.  മച്ചില്‍ തൂക്കിയിട്ട ചെറിയ മൈസൂര്‍ക്കുലയില്‍നിന്നും കുഞ്ഞുകുഞ്ഞു പഴങ്ങള്‍ ഇരിഞ്ഞെടുത്ത് നാസര്‍ക്കയും അബുവും സലീമുമൊക്കെ ഇടയ്ക്കിടെ ഓടിപ്പോകുന്നതു കാണാം. അവരുടേതൊക്കെ മുമ്പേ കഴിഞ്ഞതാണ്.
നാസര്‍ക്ക പറഞ്ഞിരുന്നു,
ഒരു ഉറുമ്പ്‌ കടിക്കുന്ന വേദനയേ കാണൂ എന്ന്... പക്ഷേ, അബു പറഞ്ഞത് ഉറുമ്പുകള്‍ പലവിധമുണ്ടല്ലോ എന്നാണ്. 

നെയ്യുറുമ്പ്  കടിക്കുന്നത്  പോലെയാണോ 
കട്ടുറുമ്പ് കടിച്ചാല്‍?
എന്നു ചിന്തിക്കുന്നതിനിടയിലാണ് 
ഉറുമ്പ് ആനയെ കൊല്ലും എന്ന്
എപ്പോഴും നീല പെറ്റിക്കോട്ടിടുന്ന- 
ഗിരിജ പറഞ്ഞത് ഓര്‍മ്മ വരിക.



വാതിലുകളില്ലാത്ത ഒറ്റമുറി വീടായിരുന്നു, അന്ന് ഞങ്ങള്‍ക്ക്. കണ്ടുകൂടാത്തത് പലതും പരസ്പരം കണ്ടുപോകും എന്നതുകൊണ്ട്‌ 
പലരും പല നേരങ്ങളിലായിരുന്നു കയറിവരിക.
ഞങ്ങള്‍ കുട്ടികളെ ആരും ശ്രദ്ധിക്കില്ല.
പക്ഷേ, ഞങ്ങള്‍ക്കും ചിലത് മനസ്സിലാകുമായിരുന്നു.

അതേ ഒറ്റമുറിയിലാണ് എന്നെ പിടിച്ചിരുത്തിയിരിക്കുന്നത്. ദിനേശന്‍., പവി, കണ്ണന്‍, ഗിരിജ... എല്ലാവരുമുണ്ട് ജനാലയ്ക്കപ്പുറത്ത്.
പക്കി മുറിക്കുന്നത് നേരിട്ടുകാണുക എന്നതിലപ്പുറം ഭയാനകമായ ഒരനുഭവത്തെ സ്വന്തം ജീവിതത്തില്‍ അവര്‍ക്ക് നേരിടേണ്ട ആവശ്യമില്ലല്ലോ..

ഒസ്സാനിക്കയെത്തീ...
ആരോ വിളിച്ചു പറയുന്നത്കേട്ടാണ് ഞാന്‍ കശുമാവിന്‍തോട്ടത്തിലേക്ക് കുതറിയോടിയത്. എനിക്കറിയാവുന്ന ഊടുവഴികള്‍ ആര്‍ക്കാണറിയുക, ഞാനൊളിച്ചിരിക്കാറുള്ള കല്ലുവെട്ടുകുഴികള്‍ ആരാണ് കണ്ടുപിടിക്കുക.. എന്നൊക്കെയുള്ള അഹങ്കാരങ്ങള്‍ക്കു മുകളിലേക്കായിരുന്നു നാസര്‍ക്ക വഴിതെളിച്ചു കൊടുത്തത്.

വല്യമ്മാവന്‍ കമ്പക്കയറുകൊണ്ട് കെട്ടിയിട്ടതുപോലെ എന്നെ മടിയില്‍ പിടിച്ചിരുത്തിയിരിക്കുകയാണ്. ഒസ്സാനിക്ക ഞാന്‍ പ്രതീക്ഷിച്ച അത്രയും ഭീകരജീവിയൊന്നും ആയിരുന്നില്ല. എങ്കിലും ആ കണ്ണുകളില്‍ അറുത്തെറിഞ്ഞ ആയിരക്കണക്കിന് ലിംഗാഗ്രങ്ങളുടെ  നിലവിളികള്‍ നിസ്സംഗതയുടെ ഒരു തിമിരപാളി തീര്‍ത്തിരുന്നതായി എനിക്കു തോന്നി. ജനാലയ്ക്കപ്പുറം അവര്‍ വീണ്ടും ഓടിക്കൂടിയിരിക്കുന്നു; ദിനേശനും സംഘവും.

യാ നബീ സലാമലൈഹും  
യാ റസൂല്‍ സലാമലൈഹും  
യാ ഹബീബ് സലാമലൈഹും 
സലബാത്തുല്ലാ അലൈഹും...
ഒസ്സാനിക്ക ചൊല്ലുന്നതും ആരൊക്കെയോ ഏറ്റുപാടുന്നതും കേട്ടു. 

ഇര എന്ന് സ്വയം ഉള്‍ക്കൊള്ളുന്നതിനുമുമ്പ് വല്യമ്മാവന്‍ എന്‍റെ കണ്ണുകള്‍ അടച്ചുപിടിച്ചു. സ്വലാത്ത് ഉച്ചസ്ഥായിയിലായി. ആത്മാവിന്‍റെ വളരെ വിദൂരതയിലെവിടെയോ സംഭവിച്ച ഒരു നക്ഷത്ര വിസ്ഫോടനം ഞാനറിഞ്ഞു. വേദനയുടെ ഒരു കടല്‍.. എന്നിലേക്കു വേലിയേറി....

കണ്ണു തുറന്നപ്പോള്‍ ചോരചീറ്റിപ്പുകഞ്ഞു നീറുന്ന ഒരു പനിനീര്‍ പൂവ് എന്‍റെ ഗുഹ്യസ്ഥാനത്തു മരിച്ചു കിടന്നിരുന്നു. ദിനേശനും കൂട്ടരും പേടിച്ചുനിലവിളിച്ച് ഓടിപ്പോയി.


നീല പെറ്റിക്കോട്ടിട്ട് സഹതാപത്തിന്‍റെ ഒരിറ്റു കണ്ണുനീര്‍ കൈവിരലുകളിലെടുത്ത് ജനാലപ്പടിയില്‍ പുരട്ടി ഗിരിജമാത്രം പിന്നെയും ഒരുപാടുനേരം നിന്നു..