2013 ഓഗസ്റ്റ് 7, ബുധനാഴ്‌ച

നാദിറാ സലിം വയസ്സ്-16

എന്നിട്ടും എന്തിനാണ് 
നാദിറാ സലിം എന്ന പെണ്‍കുട്ടി...

മധുരപ്പതിനാറ് 
ചേലുള്ള മാംഗല്യം. 
പുന്നാരപ്പുതിയാപ്ല.
സൌദീക്കൊരു ടിക്കറ്റ്‌...

അറബിയുടെ ഫ്ലാറ്റ്/സലിമിന്റെ ഫ്ലാറ്റ് 
അറബിയുടെ കാറ്/ സലിമിന്റെ കാറ് 
അറബിയുടെ കമ്പനി / സലിമിന്റെ കമ്പനി 

സലിമിന്റെ റബ്ബര്‍തോട്ടം, 
സലിമിന്റെ കാപ്പിത്തോട്ടം
നാദിറാ ജ്വല്ലറി, 
ഹോട്ടെല്‍ നാദിറ,
നാദിറാ സില്‍ക്സ്
ദുനിയാവേ...ദുനിയാവേ.. 
എന്ന സലീമിന്‍റെ ദുനിയാവ്
നാദിറയുടെ പ്രാർത്ഥന..

നാദിറാ...നാദിറാ...
എന്ന സലീമിന്‍റെ രാവുകള്‍
നാദിറാ..നാദിറാ... 
എന്ന അറബിയുടെ  പകലുകള്‍

എന്നിട്ടും എന്തിനാണ് 
നാദിറാ സലിം എന്ന പെണ്‍കുട്ടി...






























2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

യമുനാ ഫർണിച്ചർ വർക്സ് കുറ്റിയാട്ടൂർ C.P DINESHAN - 9656366131


പെട്ടന്നൊരു പെരുമഴ...ഇനിയങ്ങോട്ടുള്ള യാത്ര അസാദ്ധ്യമാണ് എന്നു തോന്നിയപ്പോള്‍ ബൈക്ക് ഒരരികുചേര്‍ത്തു ചെരിച്ചു നിര്‍ത്തി ഓടിക്കയറിയതാണ് ഞാനിവിടെ.

പഴകി ദ്രവിച്ച മരക്കസേരയിലിരുന്ന്‍
സിഗരറ്റ് വലിച്ച് പിന്നേയും സിഗരറ്റ് വലിച്ച്
മഴയിലേക്ക്‌ നോക്കി വാച്ചിലേക്കു നോക്കി
അങ്ങനെയിരിക്കുമ്പോഴാണ്.
സി പി ദിനേശനെക്കുറിച്ച്
ചിന്തിക്കേണ്ടി വന്നത്.

യമുന എന്നത് ദിനേശന്റെ ഭാര്യയുടെ
പേരായിരിക്കുമോ?
അവള്‍ ആദ്യത്തെ പ്രസവത്തില്‍തന്നെ.....
അല്ലെങ്കില്‍ അമ്മയില്ലാത്ത
പെണ്‍കുട്ടിയുടെ പേര്?
അതുമല്ലെങ്കില്‍ പെങ്ങളുടെയോ
അമ്മയുടെയോ പേര്?

അവരില്‍ ആരെങ്കിലും മരിച്ചുപോയവരായിരിക്കുമോ?

ഞാന്‍ മഴയിലേക്കു നോക്കി..
വാച്ചിലേക്കു നോക്കി....

2
തീര്‍ച്ചയായും ഈ കട പൂട്ടിപ്പോയിട്ട്
കൊല്ലങ്ങളായിക്കാണണം.
എന്തായാലും അതിനൊരു കാരണം കാണണം.

ദിനേശനെ,
കൂടെ നിന്നവര്‍ പറ്റിച്ചു കടന്നുകളഞ്ഞു കാണുമോ?

സമയത്ത് തീര്‍ത്തുകൊടുക്കാന്‍ പറ്റാത്ത
പണികളുടെപേരില്‍,
മുടങ്ങിപ്പോയ പാലുകാച്ചലിന്റെ പേരില്‍,
എത്രവിളിച്ചിട്ടും ഫോണെടുക്കാത്തതുകൊണ്ട്
അയാള്‍ നാട്ടുകാരുടെ ശത്രുവായിക്കാണുമോ?

പിണങ്ങിപ്പോയ കൂട്ടുകാരന്‍?
തൊട്ടപ്പുറത്ത് മറ്റൊരു കട തുറന്നുകാണുമോ?

അടവുതെറ്റിയ PMRY ലോണിന്റെ ടെന്‍ഷനാവുമോ?
സര്‍വീസ് ബേങ്കില്‍ ജാമ്യം നിന്നവരുടെ കുത്തുവാക്കുകളാവുമോ?
വട്ടിപ്പലിശക്കാരന്റെ ഭീഷണിയാവുമോ?
ജപ്തി നടപടികളില്‍ എത്തിക്കാണുമോ?

അല്ലെങ്കില്‍ അയാള്‍ തവണ വ്യവസ്ഥയില്‍
തുടങ്ങിയ ഫര്‍ണിച്ചര്‍ കുറി പൊട്ടിക്കാണുമോ?
നാട്ടുകാര്‍ കൈവെച്ചു കാണുമോ?
പത്രവാര്‍ത്ത വന്നുകാണുമോ?
ഒളിവിലായിരിക്കുമോ?
ജയിലിലായിരിക്കുമോ?
എന്തെങ്കിലും അപകടം
സംഭവിച്ചതാവുമോ?

അഥവാ തൂങ്ങിമരിച്ചതാവുമോ?


3

പെട്ടെന്നു പെരുമഴ ചോര്‍ന്നു, വെയിലുവന്നു.

ഞാന്‍ വാച്ചിലേക്കു നോക്കി
വെയിലിലേക്കിറങ്ങി..

യമുന എന്നത് സി.പി ദിനേശന്
ഇഷ്ടപ്പെട്ട നദിയുടെ പേരാവുമോ?
കട പൂട്ടിപ്പോയത്  ലോട്ടെറിയടിച്ചതു കൊണ്ടാണോ?
സര്‍ക്കാര്‍ ജോലി കിട്ടിയിട്ടാവുമോ?
ഗള്‍ഫില്‍ പോയതാവുമോ?
എന്നൊക്കെ ചിന്തിക്കാന്‍ ഇനിയും ഞാനിവിടെ
ഇരിക്കേണ്ട കാര്യമുണ്ടോ?