വൈകിയെത്തുമ്പോൾ
രാത്രി വണ്ടിയിൽ
മംഗലാപുരത്ത്
പോകുമ്പോൾ
പാളത്തിന്റെ
അപ്പുറത്ത് നിന്നും
ഒരാൾ മൂത്രമൊഴിക്കുന്നത്
കണ്ടിരുന്നു....
അയാളെ കാത്തുനിന്ന്
കാത്തുനിന്ന് കുരയ്ക്കാൻ
പറ്റാത്ത ഒരു ദിവസത്തിൻറെ
നിരർത്ഥകതയെ ശപിച്ചുകൊണ്ട്
അയൽ വീട്ടിലെ പട്ടി
ഉറങ്ങിക്കാണണം..
ചിലപ്പോൾ
കുറച്ചു നേരം
മുമ്പേ എത്തുകയാണെങ്കിൽ
ചവിട്ടിപ്പോകേണ്ടിയിരുന്ന
ഒരു മൂർഖൻ പാമ്പ്
കാത്തിരുന്ന് മടുത്ത്
ഇടവഴി മുറിച്ചു കടന്നിട്ടുണ്ടാവണം..
പടവുകൾ കയറി
വീടെത്തിയാൽ
വാതിൽ തുറന്ന ഉടനെ
അകത്തേക്ക്
ചാടിക്കയറാൻ
തക്കം പാർത്തു നിൽക്കുന്ന
പൂച്ച എലിയെ പിടിക്കാനുള്ള
എളുപ്പവഴിയെകുറിച്ച്
ചിന്തിക്കുന്നുണ്ടാവണം...
വീട്ടിൽ കയറിയ ഉടനെ
ആർത്തിയോടെ
വെള്ളം കുടിക്കാനെടുക്കുന്ന
പളുങ്ക് പാത്രം
നിലത്തു വീണു തകരേണ്ടിയിരുന്ന
സ്വപ്നങ്ങൾ ഭീതിയോടെ
ചേർത്തുവെച്ച് ഉറങ്ങാൻ
ശ്രമിക്കുന്നുണ്ടാവാണം..
ഒരാൾ വീട്ടിലെത്താൻ വൈകുമ്പോൾ
എന്തൊക്കെ പ്രശ്നങ്ങളാണ് അല്ലേ?
feb-11/ 2010
